അടൂര്‍: പിതാവ് നടത്തുന്ന മിനറല്‍ വാട്ടര്‍ പ്ലാൻറിലേക്കാവശ്യമായ ബോട്ടിലുകളുമായി വാഹനത്തില്‍ പോയ ബി.ടെക് വിദ്യാര്‍ഥിയെ വാഹന പരിശോധനക്കിടെ കൊടുമണ്‍ എസ്.ഐ അസഭ്യം പറയുകയും കള്ളക്കേസെടുക്കുകയും ചെയ്തതായി പരാതി. തൃക്കടവൂര്‍ മുരുന്തല്‍ ചേരിയില്‍ മംഗലത്ത് വീട്ടില്‍ എം.ബി. വിഷ്ണു ഡി.ജി.പിക്കും ജില്ല പോലീസ് മേധാവിക്കും പരാതി നല്കി. ഒക്ടോബര്‍ 23ന് ചന്ദനപ്പള്ളിക്കും വള്ളിക്കോടിനുമിടയിലെ കൊടുംവളവിലാണ് വാഹന പരിശോധന നടത്തിയത്.
മഹീന്ദ്ര മാക്സിമോ ട്രക്ക് ഓടിക്കുന്നതിന് ബാഡ്ജ് ഇല്ലെന്ന് പറഞ്ഞായിരുന്നു ആദ്യകുറ്റം ചുമത്തല്‍. ചെറുവാഹനം ഓടിക്കുന്നതിന് ബാഡ്ജിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ എസ്.ഐ തട്ടിക്കയറുകയും തുടർന്ന് കസ്റ്റഡിയിലും എടുത്തു. മൂന്ന് മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി. 7,500 കിലോയില്‍ താഴെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് ബാഡ്ജിന്റെ ആവശ്യം ഇല്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് എസ്.ഐയുടെ അനാവശ്യ പീഡനമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.