കൊല്ലം : വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു ബന്ധുവായ യുവതിയുടെ വീടിനു യുവാവ് പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ മാതാവും മരിച്ചു. കാവനാട് മീനത്തുചേരി റൂബി നിവാസില്‍ ഗേട്ടി രാജന്‍ (57) മരിച്ചത്. തീയിട്ട യുവാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം വാതിലിനു തീയിട്ടു. ഇതു കണ്ടെത്തിയ വീട്ടുകാര്‍ക്കു നേരെയും പെട്രോള്‍ ഒഴിച്ചു. തൊട്ടുപിന്നാലെ തന്റെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. യുവതിയുടെ നേര്‍ക്കടുത്ത ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗേട്ടിക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഗേട്ടിയുടെ മകള്‍ റൂബിക്കും പൊള്ളലേറ്റിരുന്നു.
ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെല്‍വമണിയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു നില്‍ക്കുന്ന യുവതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നു ശക്തികുളങ്ങര പോലീസ് പറഞ്ഞു. യുവതിയെ കല്യാണം കഴിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു മാസം മുന്‍പ് ഇയാള്‍ വീട്ടിലെത്തിയിരുന്നു.
എന്നാല്‍ വീട്ടുകാര്‍ ഇത് അംഗീകരിച്ചില്ല. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അക്രമമെന്നാണു പോലീസ് പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് കന്നാസുകളില്‍ പെട്രോളുമായി സ്‌കൂട്ടറില്‍ എത്തിയ സെല്‍വമണി ഗേട്ടിയുടെ വീടിന്റെ മുന്‍വാതിലിന് തീവെച്ചു. ഗേട്ടിയും രണ്ട് പെണ്‍മക്കളും മൂത്ത മകളുടെ ഭര്‍ത്താവും നാല് കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഗേട്ടിയും മരുമകന്‍ സൈജുവും പുറത്തിറങ്ങി. പെട്രോളുമായി സെല്‍വമണി ഇതിനിടെ വീടിന്റെ പിന്‍ഭാഗത്തെത്തി.
അടുക്കളവാതിലിന് തീവെച്ചു. സെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗേട്ടിക്ക് പൊള്ളലേറ്റത്. നാട്ടുകാരും കൊല്ലം ചാമക്കടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് വീട്ടിനുള്ളില്‍ കുടുങ്ങിയ ഗേട്ടിയുടെ പെണ്‍മക്കളെയും കുട്ടികളെയും പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗേട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരിച്ചു. പൊള്ളലേറ്റ സെല്‍വമണിയെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സെല്‍വമണി കുടുംബവുമായി അകന്ന് ശക്തികുളങ്ങരയിലുള്ള ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം.