എരുമേലി : ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ നാളെ നടക്കും. വിവിധ ക്ഷേത്രങ്ങളിലും മണിമലക്കാവില്‍ ആഴി പൂജയും പ്രത്യേക വഴിപാടുകളും കഴിച്ചാണ് അമ്പലപ്പുഴ സംഘം എത്തുന്നത്. വിവിധ ക്ഷേത്രങ്ങളിലെ കൂടാതെ ഇളങ്ങുളം ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ പാനക പൂജയും വഴിപാടുകളും നടത്തിയാണ് ആലങ്ങാട്ട് സംഘം എത്തും. അയ്യപ്പന്റെ മാതൃസ്ഥാനീയരെന്നു വിശ്വസിക്കുന്ന അമ്പലപ്പുഴ സംഘത്തിന്റേതാണ് ആദ്യ പേട്ട തുള്ളല്‍. ഉച്ചയോടെ ആകാശത്തു വട്ടമിടുന്ന കൃഷ്ണ പരുന്തിനെ കണ്ടാണു കൊച്ചമ്പലത്തില്‍ നിന്ന് ഇവരുടെ പേട്ട തുള്ളല്‍ ആരംഭിക്കുക.
വാവര് പള്ളിയിലെത്തുന്ന പേട്ട സംഘത്തെ പള്ളി ഭാരവാഹികള്‍ സ്വീകരിച്ചു പള്ളിയിലേക്കാനായിക്കും. വാവരുടെ പ്രതിനിധിയുമായി ഇറങ്ങുന്ന പേട്ടതുള്ളല്‍ വലിയമ്പലത്തിലെത്തി സമാപിക്കും. ശേഷം നീലാകാശത്ത് തെളിയുന്ന വെള്ളി നക്ഷത്രത്തെ കണ്ട് പിതൃസ്ഥാനീയരായ ആലങ്ങട്ട് സംഘത്തിന്റെ പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിക്കും. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും പോയി എന്ന വിശ്വാസത്തില്‍ വാവര് പള്ളിയില്‍ കയറാതെയാണ് ആലങ്ങാട്ടു സംഘം വലിയമ്പലത്തിലേക്കു നീങ്ങുക. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു ഭക്തര്‍ പേട്ടതുള്ളല്‍ കാണാനായി എരുമേലിയില്‍ എത്തും.