ന്യൂയോര്‍ക്ക് : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരേയും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് പരീക്ഷണഫലം. ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വകഭേദങ്ങളില്‍ അമേരിക്ക ആസ്ഥാനമാക്കിയാണ് പരീക്ഷണം നടത്തിയത്. അതേസമയം വാക്‌സിന്‍ ഫലപ്രദമാണെന്ന ഫൈസര്‍ കമ്പനിയും ടെക്‌സസ് സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. വാക്‌സിന്‍ സ്വീകരിച്ച ആളുകളുടെ രക്തസാംപിളുകള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. എന്നാല്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പൂര്‍ണരൂപം ശേഖരിച്ച സാംപിളുകള്‍ ലഭ്യമല്ലാത്തതിനാല്‍ പരീക്ഷണഫലം പൂര്‍ണമല്ലെന്നും പഠനം പറയുന്നുണ്ട്.
വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഫൈസറിന്റെ വാക്‌സിന്‍ വിഭാഗം വിദ്ഗ്ധന്‍ ഫില്‍ ഡോര്‍മിറ്റ്‌സെര്‍ പറഞ്ഞു. ‘വൈറസിന്റെ പതിനാറ് വകഭേദങ്ങള്‍ക്കെതിരേ വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് നല്ല വാര്‍ത്തയാണ്. പതിനേഴാം വകഭേദത്തിനെതിരേയും വാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്നുതന്നെയാണ് ഉറപ്പ്.’ഫില്‍ ഡോര്‍മിറ്റ്‌സെര്‍ പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത e484k എന്ന കൊറോണ വൈറസ് വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പഠനങ്ങള്‍ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ പുതിയ വകഭേദങ്ങളില്‍ എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാനാവുമെന്നാണ് കണക്കുകൂട്ടലെന്ന് ഗവേഷകര്‍ പ്രതികരിച്ചു.