മാവേലിക്കര: ഗുജറാത്തിലെ പോർബന്തറിൽ തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങിനിടെ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി. പോർബന്തറിൽനിന്ന് അഹമ്മദാബാദിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലും വൈകുന്നേരം അഞ്ചോടെ കണ്ടിയൂരിലെ വീട്ടിലും എത്തിച്ചു. ഏഴോടെ കണ്ടിയൂർ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തീരസംരക്ഷണസേനയുടെ കൊച്ചി ഡിസ്ട്രിക്ട് കമാൻഡർ ഡി.ഐ.ജി. എൻ. രവിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സേനാധികൃതർ മൃതദേഹത്തിൽ ദേശീയപതാക പുതപ്പിച്ചു.
വീട്ടിലും ശ്മശാനത്തിലും തീരസംരക്ഷണസേനയും പോലീസും ഗാർഡ് ഓഫ് ഓണർ നൽകി. എം.എസ്. അരുൺകുമാർ എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ ഡി.സി. ദിലീപ്‌കുമാർ, തഹസിൽദാർ എം. ബിജുകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. സുരേഷ്ബാബു, ജി. ബിനു, മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്ത്, നഗരസഭാ കൗൺസിലർമാരായ കെ. ഗോപൻ, ശാന്തി അജയൻ, അനി വർഗീസ്, സജീവ് പ്രായിക്കര, ലളിതാ രവീന്ദ്രനാഥ്, ജയശ്രീ അജയകുമാർ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.