കോഴിക്കോട് : പുതിയ മന്ത്രി സഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് പിന്നില്‍ ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദമെന്ന ആരോപണം ശക്തം. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട മന്ത്രിമാര്‍ക്ക് നല്‍കുകയോ വേണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത നല്‍കിയ കത്ത് പുറത്തായ പശ്ചാതലത്തിലാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ മന്ത്രിമാരെ പ്രഖ്യാപിച്ച സമയത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പും പ്രവാസി കാര്യവും വി.അബ്ദുറഹിമാനാണെന്നാണ് വാര്‍ത്തകളില്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോഴാണ് ഈ രണ്ട് വകുപ്പുകളും മുഖ്യമന്ത്രി ഏറ്റെടുത്തതായി അറിയുന്നത്. എന്നാല്‍ മറ്റ് മന്ത്രിമാരുടെ നേരത്തെ പ്രഖ്യാപിച്ച വകുപ്പുകളില്‍ വ്യത്യാസവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇതിനിടയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ അതല്ലെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ആര്‍ക്കെങ്കിലും നല്‍കുകയോ വേണമെന്നും ആവശ്യപ്പെട്ട് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് താമരശ്ശേരി രൂപത നല്‍കിയ കത്ത് പുറത്തായത് ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു. 2008ല്‍ വകുപ്പ് നിലവില്‍ വന്നത് മുതല്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
അതുകൊണ്ട് വകുപ്പുമായി ബന്ധപ്പെട്ട ഗുണങ്ങളെല്ലാം ലഭിക്കുന്നതും മുസ്ലിം വിഭാഗത്തിനാണ്. മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികള്‍, വിധവകള്‍, മത അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഈ വകുപ്പ് മുസ്ലിം മന്ത്രിമാര്‍ കൈകാര്യം ചെയ്തതിന്റെ ഫലമാണ്. അതുകൊണ്ട് തന്നെ ഇത്തവണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ അതല്ലെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട മന്ത്രിമാര്‍ക്ക് നല്‍കുകയോ വേണമെന്നാണ് കത്തില്‍ പറയുന്നത്. ചങ്ങനാശ്ശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ് ജാഗ്രത സമിതിയും കത്തോലിക്ക കോണ്‍ഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍.
താമരശ്ശേരി രൂപത യുവജന വിഭാഗത്തിന്റെ കത്ത് പുറത്താവുകയും മുഖ്യമന്ത്രി വകുപ്പ് തിരിച്ചെടുക്കുകയും ചെയ്തതോടെ ഇത് സംബന്ധിച്ച് മുസ്ലിം സഘടനകള്‍ക്കിടയില്‍ നിന്നും എതിര്‍പ്പ് ശക്തമായി. വിവിധ മുസ്ലിം സംഘടന പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ പരസ്യമായി പ്രകടപ്പിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയില്‍ നിന്നും തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിന് കീഴടങ്ങിയാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനമെടുത്തതെങ്കില്‍ അത് ഈ മന്ത്രിസഭയിലെ കറുത്ത പാടായി എന്നും അവശേഷിക്കുമെന്നും മുസ്ലിം സംഘടന പ്രതിനിധകള്‍ പറയുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും പ്രവാസി കാര്യവും വി. അബ്ദുറഹിമാനു നല്‍കിയതയാണ് നേരത്തെ അനൗദ്യോഗികമായി പ്രഖ്യാപനം വന്നിരുന്നത്.

എന്നാല്‍ ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തില്‍ വി. അബ്ദുറഹ്മാനില്‍ നിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് ഇത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കും തുടക്കമായത്. ഔദ്യോഗിക വകുപ്പ് പ്രഖ്യാപനത്തില്‍ വി. അബ്ദുറഹ്മാന്റേതല്ലാത്ത മറ്റൊരു മന്ത്രിയുടേയും വകുപ്പു മാറ്റിയിട്ടുമില്ല എന്നതും ആരോപണങ്ങള്‍ക്ക് ശ്കതി പകരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും ആഭ്യന്തരവും ഉള്‍പ്പെടെ ഇരുപതോളം വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്.