തിരുവനന്തപുരം : ബി.ജെ.പി.യിലേക്ക് കട കാലിയാക്കൽ വിൽപ്പന നടത്തുന്ന കോൺഗ്രസിന്റെ നേതാവാണ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തി ബി.ജെ.പി.യെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്ന തീവ്രശ്രമമാണ് കോൺഗ്രസിന്. അതുകൊണ്ടാണ് അന്വേഷണ ഏജൻസികൾ കേരളത്തിൽ നടത്തുന്നതെല്ലാം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വിളിച്ചുപറയുന്നത്.
ഭരണത്തുടർച്ചയുണ്ടായാൽ കോൺഗ്രസ് തകരും. കോൺഗ്രസ് തകർന്നാൽ കോൺഗ്രസുകാരെല്ലാം ബി.ജെ.പി.യിൽ പോകും. അതുതടയാൻ യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന പ്രചാരണം ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും ചേർന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തുന്നുണ്ട്. ബി.ജെ.പി.യെ പിടിച്ചുകെട്ടാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന കക്ഷിയാണ് കോൺഗ്രസ്. അതിന്റെ നേതാക്കൾതന്നെ തോറ്റാൽ ഞങ്ങൾ ബി.ജെ.പി.യിൽ ചേർന്നുകളയുമെന്ന് വിലപിക്കുകയാണ്. മതന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള അപഹാസ്യമായ നാടകമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.