കോഴിക്കോട് : ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ കാവല്‍ നില്‍ക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി’ പിണറായി പറഞ്ഞു.
വര്‍ഗീയത പടര്‍ത്താനാണ് ആര്‍എസ്എസിന്റേയും ബിജെപിയുടേയും ശ്രമം. എന്നാല്‍ ആ കാര്യത്തില്‍ നിങ്ങള്‍ എന്തിനാണ് ഞങ്ങള്‍ ഇവിടെയുണ്ടെന്ന നിലപാടാണ് ലീഗിനും കോണ്‍ഗ്രസിനും. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെ.എന്‍.എ.ഖാദര്‍ പറഞ്ഞിരിക്കുന്നത് പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ.എന്‍.എ. ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ തരത്തില്‍ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണെന്ന് വ്യക്തമാണ്. അത് ബിജെപി നിലപാടിനെ അനുകൂലിച്ചുകൊണ്ടുള്ള പരസ്യപ്രസ്താവനയാണ്.
എവിടെയാണ് ഇവരുടെ നിലപാട് എന്ന് കാണേണ്ടതാണ്. ഇത്തരം ലീഗ് നേതാക്കള്‍ ബിജെപി ഒരുക്കുന്ന തടവറകളില്‍ കാവല്‍ നില്‍ക്കാനും മടിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എ.കെ.ആന്റണിക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം നടത്തി. ബിജെപിയുമായി ധാരണയുണ്ടാക്കുമ്പോഴൊക്കെ എ.കെ. ആന്റണി കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്നിട്ടുണ്ട്. തന്നെ കുറിച്ച് ആന്റണി പറയുന്നത് സ്വാഭാവികമാണ്. ഉപദേശങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.