തിരുവനന്തപുരം : വാക്‌സിന്‍ ചലഞ്ചുമായി ബന്ധപ്പെട്ട ആശങ്കകളും വിയോജിപ്പും പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കേന്ദ്ര മന്ത്രി വി മുരളീധരനും മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സ്ഥാനത്തിരുന്നും വിടുവായത്തം പറയുന്നയാളാണ് വി മുരളീധരനെന്ന് പിണറായി പറഞ്ഞു.
ഈ ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യസതമില്ലാതെ എല്ലാവരും ഇതുമായി സഹകരിക്കാന്‍ തയ്യാറാവുകയാണ്. ഇതൊരു ദുരന്തം നേരിടുന്ന ഘട്ടമാണ്. വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാവണം. വാക്സിന് പണം കൊടുക്കണമെന്ന അവസ്ഥ വന്നപ്പോള്‍ ജനങ്ങള്‍ സ്വയമേ രംഗത്തുവരികയാണ് ചെയ്തത്. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ല. യുവജനങ്ങളാണ് മുന്‍കൈയെടുത്തത്. അവരാണ് ചലഞ്ച് തുടക്കം കുറിച്ചത്. പിന്നീട് സമൂഹം ഏറ്റടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനൊക്കെ മറുപടി പറയാതിരിക്കുന്നതാണ് ഏറ്റവും ഭംഗിയെന്ന് തോന്നുന്നു. ഈ ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഇതുമായി സഹകരിക്കാന്‍ തയ്യാറാവുകയാണ്. നമ്മുടെ നാടിന്റെ പൊതുവായ അന്തരീഷം അത്തരത്തിലാണ്.
പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മത്സരിക്കുന്ന രണ്ടു പേരെയാണ് കാണാന്‍ കഴിയുന്നത്. ചെന്നിത്തലയും മുരളീധരനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കരുത്. അവരവര്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും ശീലിച്ചതുമായി കാര്യങ്ങള്‍ മറ്റെല്ലാവരും തുടരുമെന്ന് കരുതരുത്. അതുകൊണ്ടാണ് ഫണ്ടെല്ലാം മറ്റു രീതിയില്‍ പോകുമോയെന്ന സംശയമുണ്ടാവുന്നത്. എല്ലാവരും ഒന്നിച്ചുനില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടത്.