തിരുവനന്തപുരം : മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പിങ്ക് പോലീസ് പട്രോള്‍ ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് തീരുമാനമായത്. തീരുമാനത്തില്‍ സന്തോഷമെന്ന് പരാതിക്കാരനായ ജയചന്ദ്രന്‍ വ്യക്തമാക്കി.
മോഷണക്കുറ്റം ആരോപിച്ച് പെണ്‍കുട്ടിയെയും അച്ഛനെയും പൊതുമധ്യത്തില്‍ അപമാനിച്ച ആറ്റിങ്ങല്‍ പിങ്ക് പോലീസിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സി പി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ തൊട്ടടുത്ത കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പു പരിശീലനവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ രജിതയെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയല്ല എന്ന തരത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. വലിയ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.