തിരുവനന്തപുരം: ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന തിരുവനന്തപുരം കളക്ടറുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഭീതി പരത്തുന്ന അനാവശ്യ പ്രസ്താവന പാടില്ലെന്ന് ഇന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അത് കൂടുതല്‍ ആശങ്കയുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇത്തരം പരിഭ്രാന്തിയുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല. തലസ്ഥാനത്ത് ആരും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമില്ല. മാളുകള്‍ അടച്ചിടാന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ പറഞ്ഞത് തെറ്റിദ്ധരിച്ചാണെന്നും പിണറായി പറഞ്ഞു.
കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങള്‍ക്ക് സമീപം കൊറോണ കെയര്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിനാല്‍ മാത്രമല്ല, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് കളക്ടര്‍ വ്യക്തമാക്കിയത്. വര്‍ക്കലയിലെത്തിയ ഇറ്റാലിയന്‍ പൗരന്‍ ജില്ലയില്‍ പല സ്ഥലത്തും കറങ്ങിയതായുള്ള വിവരവും കിട്ടിയ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണം. രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിയാത്തതും മറ്റൊരു കാരണമായി കളക്ടര്‍ ചൂണ്ടിക്കാട്ടി.