മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ. സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് അഭിജീത് ദീപ്‌കെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് ദീപ്‌കേ വിമര്‍ശനം ഉന്നയിച്ചത്.സിജെപി കഴിഞ്ഞ ആഴ്ച ആരംഭിച്ച സ്‌കൂള്‍ തിക് കരോ ക്യാംപയിന്റെ ഭാഗമായി ലാത്തൂരിലെ ഔസ താലൂക്കിലെ ഉജാനി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് അഭിജീത് ദീപ്‌കെ സന്ദര്‍ശനം നടത്തിയത്. മതിയായ ക്ലാസ് മുറികള്‍, ബെഞ്ചുകള്‍, ശുചിമുറികള്‍, സുരക്ഷിതമായ റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്യാര്‍ഥികളുടെ അവസ്ഥ ‘മൃഗങ്ങളേക്കാള്‍ മോശമായി’ മാറിയിരിക്കുകയാണെന്നും ദീപ്‌കെ പറഞ്ഞു. കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണിത്. വിദ്യാര്‍ഥികള്‍ക്കായി ഒന്നും ചെയ്യാത്ത രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘രാഷ്ട്രീയ നേതാക്കള്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ മാത്രമാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്? നിങ്ങളുടെ കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് പഠിക്കുന്നതെന്ന് ജനങ്ങള്‍ കാണണം,’ എന്നും ദീപ്‌കെ പറഞ്ഞു.






























