Saturday, April 12, 2025 3:52 pm

ജോസ് കെ.മാണിയെ ഒതുക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചു ; പി.ജെ ജോസഫിന്‍റെ വെളിപ്പെടുത്തൽ വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പാലാ : കെ.എം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി പക്ഷത്തെ പരാജയപ്പെടുത്താനും കോൺഗ്രസ് സഹായിച്ചുവെന്ന ജോസഫിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന ടോക്ക് ഷോയിലൂടെയായിരുന്നു  കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ വിവാദ വെളിപ്പെടുത്തൽ

പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കൾ ആരും തന്നോട് രണ്ടില ചിഹ്നം ജോസ് ടോമിന് നൽകണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ഒരു വെളിപ്പെടുത്തൽ. മറ്റൊന്ന് പാലാ ഉപതെരഞ്ഞെടുപ്പിൽ തന്റെയും കോൺഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെയും പിന്തുണ മാണി സി കാപ്പന് ആയിരുന്നു വെന്ന് അദ്ദേഹം പറയാതെ പറയുകയാണ്. പാലാ ഉപതെരഞ്ഞെടുപ്പിൽ വിവാദങ്ങൾ ഉണ്ടാക്കുവാനും സ്ഥിതി സങ്കീർണ്ണമാക്കുവാനും ചിഹ്നം നൽകാതിരിക്കുകയും കോൺഗ്രസ് നേതാക്കൾ തന്നെ പ്രേരിപ്പിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കേരള കോൺഗ്രസ് എം എന്നൊന്ന് ഇല്ലാതാക്കുവാനും ജോസ് കെ മാണിയെ ഈ പരാജയം വഴി സംഘടനാപരമായും മാനസികമായും തകർത്ത് പാർട്ടി കൈപ്പിടിയിലൊതുക്കാനും എം എന്നത് ജെ ആക്കി മാറ്റാനും പരിശ്രമിച്ചു എന്ന് ജോസഫിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുകയാണ്.

പാലാ ഉപതെരഞ്ഞെടുപ്പ് സമയത്തും ശേഷവും ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ കണ്ടു പരാതി സമർപ്പിച്ചെങ്കിലും ജോസഫിനെതിരെ ഒരു വാക്ക് പോലും പറയുവാനോ ജോസഫിനെ നിയന്ത്രിക്കുവാനോ അവരാരും തയ്യാറായിരുന്നില്ല. ജോസഫിന്റെ  ഓരോ വാക്കിന് പിന്നിലും കോൺഗ്രസ് ഉണ്ടായിരുന്നു എന്നുള്ളത് ഇതോടെ വ്യക്തമായിരിക്കുകയാണ്.

ഈ കഴിഞ്ഞ ദിവസവും കാപ്പൻ തന്നെ വന്നുകണ്ട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള താല്പര്യം അറിയിച്ചു എന്നുള്ള ജോസഫിന്റെ വെളിപ്പെടുത്തലോടെ പാലാ എംഎൽഎ മാണി സി കാപ്പൻ വെട്ടിലായിരിക്കുകയാണ്. ഇതിനു മുന്നേ രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയെന്ന യുഡിഎഫ് കൺവീനർ ഹസ്സൻ പരസ്യ വെളിപ്പെടുത്തൽ കാപ്പനെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വന്തം പാർട്ടിക്കും വ്യക്തിപരമായി തനിക്കും ആയിരം വോട്ട് തികച്ചില്ലാത്ത പാലാ നിയമസഭാ മണ്ഡലത്തിൽ വിജയിക്കുവാൻ കഴിഞ്ഞത് കോൺഗ്രസിന്റെ  ഒരു വിഭാഗത്തിന്റേയും ജോസഫിന്റേയും പി.സി ജോർജിന്റേയും മുന്നണിക്ക് പുറത്തുള്ള സഹായം മൂലമാണെന്ന് കാപ്പന് വ്യക്തമായി അറിയാം. മുഖ്യമന്ത്രിയും മന്ത്രിമാരും പാലായിൽ വന്ന് ക്യാമ്പ് ചെയ്ത് പ്രചരണ പ്രവർത്തനങ്ങൾ ഏർപ്പെട്ടത് ഇടത് മുന്നണിയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് സഹായകരമായി.

ഇതിനെല്ലാം പുറമേ യുഡിഎഫിലെ അനൈക്യവും അച്ചടക്കമില്ലായ്മയും ജനങ്ങളെ കാപ്പന് അനുകൂലമായി ചിന്തിപ്പിക്കാൻ പ്രേരകമായി എന്നുള്ളതാണ് യഥാർത്ഥ വസ്തുത. പി.ജെ ജോസഫിന്റെ വാക്കുകളോട് മാണി സി കാപ്പൻ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇടതുമുന്നണിയുടെ എംഎൽഎയായി തുടരുകയും എതിർ മുന്നണിയുമായി ചർച്ച നടത്തുകയും ചെയ്യുന്ന കാപ്പന്റെ നിലപാടിനെതിരെ സിപിഎം അടക്കമുള്ള ഇടതുമുന്നണിയിലെ നേതാക്കളും അണികളും കടുത്ത പ്രതിഷേധത്തിലാണ്. പാലാ എംഎൽഎ എന്ന നിലയിൽ കാപ്പന്റെ പ്രവർത്തനം ആവറേജിലും താഴെയാണ്. കെ എം മാണി കൊണ്ടുവന്ന വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുക എന്നതിൽ കവിഞ്ഞ് സ്വന്തംനിലയ്ക്ക് പുതിയ പദ്ധതി കൊണ്ടുവരുവാനോ തുടർ പദ്ധതികൾ പൂർത്തീകരിക്കുവാനോ കഴിയാത്തത് പാലായിലെ നല്ലൊരു വിഭാഗം ജനങ്ങളെ കാപ്പന് എതിരാക്കി തീർത്തിട്ടുണ്ട്.

കൂടാതെ മണ്ഡലത്തിലെ ഒരു പരിപാടിക്കും ഉച്ചകഴിഞ്ഞാൽ കാപ്പനെ കാണാൻ കിട്ടുന്നില്ല എന്നത് പരസ്യമായ രഹസ്യമാണ്. കാപ്പൻ അര എംഎൽഎ എന്നാണ് ജനങ്ങൾ ഇപ്പോൾ വിളിക്കുന്നത്. പാലാ സീറ്റ് ലഭിച്ചില്ലെങ്കിലും മുന്നണിയിൽ തുടരുമെന്നാണ് എൻസിപി നേതൃത്വം ഇന്നലെ അവകാശപ്പെട്ടത്. പാലാ സീറ്റിനേക്കാൾ ഉപരി കാപ്പനെ ഭരിക്കുന്നത് അന്ധമായ മാണി വിരോധമാണ്. പിജെ ജോസഫും പി സി ജോർജും ഇക്കാര്യത്തിൽ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പി സി ജോർജിന്റെ അന്ധമായ പാലാ വിരോധം വിശ്വപ്രസിദ്ധമാണ്.

പാലായിലെ വികസനപദ്ധതികൾക്ക് തുരങ്കം വെക്കുക എന്നുള്ളത് ജോർജിന്റെ പണ്ടേയുള്ള ഒരു ശീലമാണ്. മീനച്ചിൽ നദീതട പദ്ധതിക്കെതിരേയും പാലാ റവന്യൂ ടവർ അടക്കമുള്ള വികസന പദ്ധതികൾക്കെതിരെയും  മുൻപ് നടത്തിയ സമരങ്ങളും ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിനെതിരെയുണ്ടായ പ്രതിഷേധവും ശ്രദ്ധേയമാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ഏറെക്കുറെ നിഷ്ക്രിയനായിരുന്നു കാപ്പൻ. തലപ്പലം, തിടനാട്, മൂന്നിലവ്  പ്രദേശങ്ങളിൽ കാപ്പൻ യുഡിഎഫിനും ജനപക്ഷത്തിനും വേണ്ടിയാണ് പ്രവർത്തിച്ചത്. എന്തിന് പാലാ മുനിസിപ്പാലിറ്റിയിൽ ലഭിച്ച സീറ്റിൽ പോലും എതിർ സ്ഥാനാർത്ഥിയെ ജയിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് എൻസിപിയുടെ കൗൺസിലർ വിജയിച്ച ശേഷം സിപിഎമ്മിൽ ചേർന്നത്.

യുഡിഎഫ് നേതാക്കൾ പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് ജോസ് കെ മാണിക്ക് നൽകിയ ഉറപ്പാണോ അല്ലെങ്കിൽ ഇപ്പോൾ ജോസഫ് പറയുന്നതുപോലെ തന്നോട് ഒരു യുഡിഎഫ് നേതാവും ചിഹ്നം നൽകാൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതോ, ഇതിൽ ഏതാണ് സത്യം എന്ന്  വെളിപ്പെടുത്തേണ്ടത് കോൺഗ്രസ് നേതാക്കളാണ്. അല്ലെങ്കിൽ ജോസഫും കോൺഗ്രസും കൂടി കേരള കോൺഗ്രസ് എമ്മിനെ വഞ്ചിക്കുകയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തും. കൂടാതെ യു.ഡി.എഫ് കെട്ടിപ്പൊക്കാന്‍ മുന്നിലുണ്ടായിരുന്ന കെ.എം മാണിയെ മറന്നുകൊണ്ട് അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയുടെ അന്ത്യകൂദാശ നടത്തുവാനും മകന്‍ ജോസ്.കെ മാണിയെ കേരള രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാക്കുവാനും ശ്രമിച്ചവര്‍ ആരൊക്കെയെന്ന് ചരിത്രതാളുകളില്‍ എന്നുമുണ്ടാകും.

പി.ജെ ജോസഫ് എന്നും കലഹപ്രിയൻ ആയ കേരള കോൺഗ്രസുകാരൻ ആയിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം വർഷങ്ങൾ ഒരുമിച്ചു പ്രവർത്തിച്ച കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ അഗസ്റ്റിൻ വട്ടക്കുന്നേൽ പറഞ്ഞത് ഒരർത്ഥത്തിൽ ശരിയാണ്.
കേരള കോൺഗ്രസ് എം, ജേക്കബ് ഗ്രൂപ്പ്, ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങിയ എല്ലാ കേരള കോൺഗ്രസുകളേയും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ജോസഫ് പിളർത്തി. അതുപോലെ എൻസിപി യേയും പിളർത്താനാണ് പി.ജെ ജോസഫ് ഇപ്പോൾ ശ്രമിക്കുന്നത്. കാപ്പനെ നിരന്തരം വിളിച്ച് നിരവധി വാഗ്ദാനങ്ങളാണ് ഇപ്പോൾ ജോസഫ് നൽകുന്നത്. പാലാ സീറ്റ് ജോസഫ് വിഭാഗത്തിന് മത്സരിക്കാൻ ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ ജോസഫിന്റെ  അടുത്ത തന്ത്രമാണ് എൻസിപിയെ പിളർത്തി കാപ്പനെ കൂടെ കൂട്ടുക എന്നത്. ഈ നീക്കത്തിനു പിന്നിലും ഒരു വിഭാഗം കോൺഗ്രസുകാരുടെ പിന്തുണയുണ്ട്. കേരള കോൺഗ്രസ് എമ്മിൽ നിന്നും ജോസഫ് പുറത്തു പോയപ്പോഴും ചില കോൺഗ്രസുകാർ ആണ് ജോസഫ് പക്ഷത്ത് ആളുകളെ ചേർക്കാൻ വേണ്ടി ദല്ലാൾ പണി നടത്തിയിരുന്നത്. ഇപ്പോൾ കാപ്പന്റെ  കാര്യത്തിലും അതുതന്നെയാണ് നടക്കുന്നത്.

ജോസഫിന്റെ പക്ഷം പിടിച്ച് കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ നിന്നും പുറത്താക്കാൻ നായകത്വം വഹിച്ച കോൺഗ്രസ് നേതാവായ ജോസഫ് വാഴക്കൻ ഇപ്പോൾ ഒരു സീറ്റിനുവേണ്ടി കാലും കൈയും ഇട്ടടിക്കുകയാണ്. പാലാ സീറ്റ് വാഴക്കന് നൽകാതെയിരിക്കാൻ ആണ് ജോസഫ് കഴിഞ്ഞ ദിവസവും കാപ്പനെ വിളിച്ചു വരുത്തി പാലാ സീറ്റു വാഗ്ദാനവുമായി വീണ്ടും ചർച്ച നടത്തിയത്. മൂവാറ്റുപുഴ സീറ്റിനുവേണ്ടി ജോണി നെല്ലൂരിനേയും ഫ്രാൻസിസ് ജോർജിനേയും ജോസഫ് രംഗത്ത് ഇറക്കിയിരിക്കുകയാണ്. ചുരുക്കം പറഞ്ഞാൽ വാഴക്കന് പാലായും മൂവാറ്റുപുഴയും ലഭിക്കാതിരിക്കാനുള്ള നീക്കമാണ് ജോസഫ് നടത്തുന്നത്.

ജോസഫ് പറയുന്നത് പതിനഞ്ച് സീറ്റിൽ മത്സരിക്കാൻ യോഗ്യത ഉണ്ടെന്നാണ്. എന്നാൽ ഈ യോഗ്യതാ എവിടെയാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. ലീഗ് ഉൾപ്പെടെയുള്ള മറ്റു പാർട്ടികൾക്ക് കൂടുതൽ സീറ്റു ചോദിക്കാൻ അർഹതയില്ല എന്നാണ് ജോസഫ് പറയുന്നത്. ജോസഫിന്റെ  മകനെ തിരുവാമ്പാടിയിൽ മത്സരിപ്പിക്കാൻ താൽപര്യം ഉണ്ടായിരുന്നു. എന്നാൽ ആ സീറ്റ് വിട്ടു നൽകാൻ ലീഗ് തയ്യാറയിരുന്നില്ല. അതിനാലാണ് ലീഗിന് കൂടുതൽ സീറ്റു നൽകുന്നതിനെ ജോസഫ് എതിർക്കുന്നത്. ജോസഫ് ഇപ്പോൾ നേതാക്കൾ മാത്രമുള്ള ഒരു പാർട്ടി ആയി മാറിയിരിക്കുന്നതിന്നാൻ കൂടുതൽ സീറ്റുകൾ നൽകാൻ കോൺഗ്രസ് തയ്യാറല്ല.

എന്തായാലും തെരഞ്ഞെടുപ്പിന് ദിവസങ്ങൾ അവശേഷിക്കേ പി.ജെ ജോസഫ് പുറത്തുവിട്ട വിവാദം ഉടനെ എങ്ങും അവസാനിക്കില്ല. യുഡിഎഫിന് കനത്ത ആഘാതമാണ് അനവസരത്തിലുള്ള ജോസഫിന്റെ വാക്കുകള്‍. അണികൾ ഉള്ള ജോസ് കെ മാണിയെ മുന്നണിയിൽ നിന്നും പുറത്താക്കി ജോസഫിനെ താലോലിച്ച കോൺഗ്രസ് തലവേദന ക്ഷണിച്ചു വരുത്തിയത് അവർക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം സൃഷ്ടിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാചകവാതക വിലവർധന ; ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രകടനം നടത്തി

0
കരുവാറ്റ : പാചകവാതക വിലവർധനക്കെതിരേ ജനാധിപത്യ മഹിളാ അസോസിയേഷൻ കരുവാറ്റ...

യൂറോവിഷൻ ; ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സ്‌പെയിൻ

0
മാഡ്രിഡ്: ഈ വർഷത്തെ "യൂറോവിഷൻ" സംഗീത മത്സരത്തിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ...

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...