മലപ്പുറം: യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമുണ്ടാവില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എല്‍.ഡി.എഫിലെ പല ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. അതില്‍ ചിലര്‍ യു.ഡി.എഫുമായി ബന്ധപ്പെടുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ മുമ്പില്‍ നിര്‍ത്തി കോണ്‍ഗ്രസ് ഒരു കൂട്ടായ്മക്ക് ശ്രമിക്കുന്നത് ഗുണകരമാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടായി ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാവും എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അനുസരിക്കാമെന്ന ധാരണയിലാണ് ഇരുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയും തങ്ങളും എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കും. കേരളത്തിലാണ് തന്റെ പ്രവര്‍ത്തന മേഖല പ്രഖ്യാപിച്ചിട്ടുള്ളത്. സജീവമായ ചുമതലകള്‍ സംസ്ഥാനത്തുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.