പാലക്കാട് : പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹവും പ്രതികാരവും – വാക്കുകളില്‍ തിരുത്തുമായി പി.കെ.ശശി എം.എല്‍.എ . തനിക്ക് നാക്ക് പിഴച്ചതാണ്. പാര്‍ട്ടിയില്‍ ചേരാന്‍ വരുന്നവര്‍ക്ക് ധൈര്യം പകരാനാണ് താനങ്ങനെ പറഞ്ഞതെന്നും സിപിഎം എംഎല്‍എയുടെ വിശദീകരണം. മാധ്യമവാര്‍ത്ത അതിശയോക്തിപരമാണെന്നും പി.കെ ശശി പറഞ്ഞു.
തനിക്ക് നാക്കുപിഴ സംഭവിച്ചു. അതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ലെന്നും പി.കെ.ശശി പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍നിന്ന് പോകുന്ന വഴിക്കുവച്ച് ചില പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നിരുന്നു. മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരായ കുറച്ചു പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ താന്‍ വരില്ലെന്നും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും താന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ശശി പ്രതികരിച്ചു.
പതിനാല് പേര്‍ മാത്രമേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എണ്ണി നോക്കിയിരുന്നു. ഒന്നര മിനിറ്റ് മാത്രമാണ് അവിടെ നിന്നത്. നിരോധനാജ്ഞ ലംഘനവും നടത്തിയിട്ടില്ല. പെരുന്നാള്‍ ദിവസം നിരോധനാജ്ഞ ഇല്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.