ന്യൂഡൽഹി: സൗജന്യയാത്രയുമായി ബന്ധപ്പെട്ട സമയനിയന്ത്രണത്തിൽ അബദ്ധം പിണഞ്ഞതിന് പിന്നാലെ, സംസ്ഥാന സർക്കാരിന്റെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റുമായ പി.കെ ശ്രീമതി. സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിലും, മലബാർ മേഖലയിലെ യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയിലുമാണ് അവർ തുറന്നടിച്ചത്. സംസ്ഥാനത്ത് സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്രയുടെ സമയക്രമം രാവിലെ ഒമ്പത് മണി എന്നതിന് പകരം ആറ് മണി മുതൽ ആക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായിരുന്നു ശ്രീമതിക്ക് പറ്റിയ ആദ്യത്തെ അബദ്ധം. എന്നാൽ നിലവിൽ ഈ പദ്ധതിക്ക് യാതൊരുവിധ സമയനിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ലെന്ന് അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചു. ഇതോടെ തനിക്ക് ലഭിച്ച വിവരങ്ങൾ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ട പി.കെ ശ്രീമതി ഉടൻ തന്നെ ക്ഷമാപണം നടത്തുകയും തന്റെ വാക്കുകൾ തിരുത്തുകയും ചെയ്തു.
സൗജന്യയാത്രയെ സ്വാഗതം ചെയ്യുമ്പോഴും, കഴിഞ്ഞ രണ്ട് മാസമായി ക്ഷേമ പെൻഷൻ മുടങ്ങി കിടക്കുന്നതിൽ സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പി.കെ ശ്രീമതി രേഖപ്പെടുത്തിയത്. ഒരു വരുമാനവുമില്ലാത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പെൻഷൻ നൽകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. ഖജനാവിൽ പണമില്ലെന്ന ന്യായീകരണം അംഗീകരിക്കാനാകില്ലെന്നും, പ്രതീക്ഷിച്ചതിലും ഇരട്ടി തുക ജിഎസ്ടി ഇനത്തിൽ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പെൻഷൻ പദ്ധതി ഇല്ലാതാക്കാനോ തകർക്കാനോ ആണ് ശ്രമമെങ്കിൽ കേരളത്തിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡൻ്റ് കൂടിയായ ശ്രീമതി സർക്കാരിന് മുന്നറിയിപ്പ് നൽകി.




























