തിരുവനന്തപുരം: കാണാതായ വില കൂടിയ ചെടി കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച വീട്ടുകാര്‍ കണ്ടത് വനിതാ എസ്‌ഐയേയും പോലീസുകാരനെയും. തിരുവനന്തപുരം ചെമ്പഴന്തിക്ക് സമീപം ഒരു വീട്ടിന്റെ മതിലില്‍ വെച്ചിരുന്ന വില കൂടിയ ചെടിയാണ് ചട്ടിയോടെ മോഷണം പോയത്. പിറ്റേദിവസമാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. എന്നാല്‍ വീട്ടില്‍ സിസിടിവി ഇല്ലാത്തതിനാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീടാണ് പരിസരത്തുള്ള ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
പോലീസുകാരനായിരുന്നു ജീപ്പിലെത്തി ചെടി ചട്ടിയോടെ മോഷ്ടിച്ചത്. ജീപ്പില്‍ കൂട്ടുവന്നത് വനിതാ എസ്‌ഐയും. ഈ മാസം 16ന് പുലര്‍ച്ചെ 4.50നാണ് മോഷണം നടന്നത്. വനിതാ എസ് ഐ തൊട്ടടുത്തിരിക്കുമ്പോള്‍ ജീപ്പ് നിര്‍ത്തി ഇറങ്ങിയ ഡ്രൈവറായ പോലീസുകാരന്‍ പരിസരം നിരീക്ഷിച്ച ശേഷം ചെടിച്ചട്ടിയോടെ പൊക്കി ജീപ്പിലാക്കി ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം കള്ളന്‍ പോലീസായതുകൊണ്ട് ഉടമ ഇതുവരെ പരാതി നല്‍കിയിട്ടില്ല.