കൊടുമൺ : പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫ് കേരളാ ലിമിറ്റഡിന് കീഴില്‍ തൊഴിലാളികളും ജീവനക്കാരുമായി 4000 ൽ പരം ആളുകൾ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ എട്ടരവർഷക്കാലമായി തൊഴിലാളികൾക്ക് നിലവിൽ കിട്ടിക്കൊണ്ടിരുന്ന പല ആനുകുല്യങ്ങളും ലഭിക്കുന്നില്ലെന്ന് ഐ എൻ റ്റി യു സി സംസ്ഥാന സമിതി. 2017-2018 ലെ ബോണസ് കുടിശ്ശിക, യൂണിഫോം, അറ്റൻഡൻസ് മോട്ടിവേഷൻ, ഫുഡ് അലവൻസ്, വിവാഹ-വിദ്യാഭ്യാസ ധനസഹായ വായ്പകൾ തുടങ്ങിയവയും ഇവര്‍ക്ക് ലഭിക്കുന്നില്ല. പല സന്ദർഭങ്ങളിലും തൊഴിലാളികളുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയാണ്. ഇതിനോടകം തന്നെ 50 കോടി രൂപ ബാങ്കിൽ നിന്നും വായ്പ എടുത്താണ് ദൈനംദിന കാര്യങ്ങൾക്ക് പലപ്പോഴും മുമ്പോട്ട് പോയത്.
എന്നാൽ ബാങ്കിൽ നിന്നുള്ള വായ്പകൾ ബാദ്ധ്യതായി നിൽക്കുമ്പോൾ മാനേജ്മെൻ്റിന് ധൂർത്തിന് ഒരു കുറവുമില്ല. ഇപ്പോൾ അനാവശ്യമായി ആഡംബര വാഹനങ്ങൾ വാങ്ങുവാനുള്ള നീക്കവുമായി മുമ്പോട്ട് പോവുകയാണ്. എസ്റ്റേറ്റുകളുടെ ദൈനംദിന കാര്യങ്ങൾ നടത്തുവാൻ ടിപ്പർ ലോറികൾ, പ്ലാറ്റ്ഫോം ലോറികൾ, ടാങ്കർ ലോറികൾ എന്നിവ വാങ്ങണം എന്നുള്ളത് ന്യായമാണ്. എന്നാൽ 14ലക്ഷം രൂപ വിലവരുന്ന 9 ടാർ ജീപ്പ് വാങ്ങുന്നത് ഒട്ടും നീതീകരിക്കുവാൻ പറ്റുന്നതല്ല. അടിയന്തിരമായും ഈ നടപടി പിൻവലിക്കണമെന്ന് ഐ എൻ റ്റി യു സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ നടത്തുവാൻ ഐ എൻ റ്റി യു സി യൂണിയനുകള്‍ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.