കൊച്ചി: സംസ്ഥാന തോട്ടം നയം ഫെബ്രുവരി അവസാനം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണം, തോട്ടങ്ങളുടെ ഡേറ്റാ ബാങ്ക്, വ്യവസായ ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും ലഭ്യമാക്കൽ, തോട്ടവിളകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ, തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കൽ, പൊതുമേഖലയിലെ 24 തോട്ടങ്ങൾ ലാഭകരമായി നടത്താനുള്ള കർമ്മപദ്ധതി എന്നിവയാണ് കരട് തോട്ടം നയം മുന്നോട്ടുവെയ്ക്കുന്നത്.
തൊഴിൽ-നൈപുണ്യ വകുപ്പിന്റെ കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാനും നിർദ്ദേശമുണ്ട്. ഇടവിള കൃഷി തോട്ടം നയത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളി ക്ഷേമനിധി മെച്ചപ്പെടുത്താൻ ശ്രമിക്കും. തോട്ടംമേഖലയും വനം വകുപ്പുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. അടഞ്ഞുകിടക്കുന്ന 13 തോട്ടങ്ങൾ തുറക്കാൻ സഹകരണ മേഖലയുടെ സഹായം തേടും. റബറിന് ന്യായവില കിട്ടാൻ സിയാൽ മാതൃകയിൽ വൻകിട റബർ ഫാക്‌ടറി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.