തിരുവനന്തപുരം: പ്ലാസ്‌റ്റിക് നിരോധനം ആദ്യമായി ലംഘിച്ചാല്‍ പതിനായിരം രൂപയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും മൂന്നാം തവണയും നിയമലംഘനം നടത്തിയാല്‍ 50,000 രൂപയും പിഴ ഈടാക്കും. സ്‌ഥാപനത്തിന്റെ നിര്‍മാണ പ്രവര്‍ത്താനുമതിയും റദ്ദാക്കും. എക്‌സ്‌റ്റന്‍ഡഡ് പ്രൊഡ്യൂസർ റെസ്‌പോണ്‍സിബിലിറ്റി പ്രകാരം നീക്കംചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്‌റ്റിക് വസ്‌തുക്കളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉല്‍പ്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡിന്റെ ഉടമസ്‌ഥര്‍ എന്നിവര്‍ തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങള്‍ വഴി നീക്കം ചെയ്‌തു സംസ്‌കരിക്കണം.
പ്ലാസ്‌റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്‌റ്റിക് ഷീറ്റ് (മേശയില്‍ വിരിക്കാന്‍ ഉപയോഗിക്കുന്നത്), തെര്‍മോക്കോള്‍, സ്‌റ്റെറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്‌തുക്കള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്‌റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്‌പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, ഡിഷുകള്‍, സ്‌റ്റിക്കര്‍, പ്ലാസ്‌റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, കോട്ടിങ്ങുള്ള പേപ്പര്‍ ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്‌റ്റിക് കൊടികള്‍, പ്ലാസ്‌റ്റിക് ബണ്ടിങ്, പ്ലാസ്‌റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്‌റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 എം.എല്‍ നു താഴെയുള്ള പെറ്റ് ബോട്ടിലുകള്‍, പ്ലാസ്‌റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി. ഫ്‌ളക്‌സ് ഉല്‍പ്പന്നങ്ങള്‍, പ്ലാസ്‌റ്റിക് പാക്കറ്റുകള്‍ എന്നിവയ്‌ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
ജില്ലാ കലക്‌ടര്‍മാര്‍, സബ് കലക്‌ടര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പിലേയും ആരോഗ്യവകുപ്പിലേയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലേയും ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. പകരം ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ ഉല്‍പ്പാദകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.