തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തില്‍ മാനേജ്മെന്റ് ക്വാട്ടയിലെ 10 ശതമാനം സീറ്റ് തിരിച്ചുപിടിച്ച് ഓപണ്‍ മെറിറ്റില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എയ്ഡഡ് മാനേജ്മെന്‍റുകള്‍ കോടതിയിലേക്ക്. ഇതുസംബന്ധിച്ച് ബുധനാഴ്ചയോടെ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലെയും മാനേജ്മെന്റ് ക്വാട്ട സീറ്റ് 20 ശതമാനമാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍ 2005ല്‍ പ്രോസ്പെക്ടസില്‍ വരുത്തിയ തിരിമറിയിലൂടെ ന്യൂനപക്ഷ /പിന്നാക്ക ഇതര മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്കൂളുകളിലെ പത്ത് ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റ് മാനേജ്മെന്റ് ക്വാട്ടയിലേക്ക് ചേര്‍ത്തുനല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം മുന്നാക്ക മാനേജ്മെന്റിന് കീഴിലെ സ്കൂളുകളിലെ 10 ശതമാനം സീറ്റ് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് പ്രകാരം പ്രവേശനം നല്‍കുന്ന രീതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഏതെങ്കിലും സമുദായവുമായി ബന്ധപ്പെടാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയിലേക്ക് പത്ത് ശതമാനം സീറ്റ് കൂടി ചേര്‍ത്താണ് പ്രവേശനം നടത്തിയിരുന്നത്.
ഇത്തവണ സര്‍ക്കാര്‍ ഉത്തരവിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയും പ്രോസ്പെക്ടസില്‍ ഭേദഗതി വരുത്തുകയും ചെയ്തു. ഇതോടെയാണ് ഇത്തരം സ്കൂളുകള്‍ അധികമായി കൈവശം വെച്ച പത്ത് ശതമാനം സീറ്റുകള്‍ മെറിറ്റിലേക്ക് മാറ്റിയത്. മിക്ക സ്കൂളുകളും വന്‍ തുക തലവരി വാങ്ങിയാണ് ഈ സീറ്റുകളിേലക്ക് പ്രവേശനം നല്‍കിയിരുന്നത്. സര്‍ക്കാര്‍ നടപടി തടയണമെന്നാവശ്യപ്പെട്ടാണ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിക്കുന്നത്.