ന്യൂഡല്‍ഹി : പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി രമണ നിരീക്ഷിച്ചു. പഞ്ചാബ് സര്‍ക്കാരിന് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ് എം.എസ് ഗില്‍ ആണ് സമിതി അധ്യക്ഷന്‍. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കര്‍ഷകസംഘടനകള്‍ വഴിയില്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് ബതിന്ദയിലെ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി ബതിന്ദ വിമാനത്താവളത്തില്‍ എത്തിയത്. ഹെലികോപ്റ്ററിലാണ് അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ പിന്നീട് റോഡ് മാര്‍ഗം രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡ് മാര്‍ഗം യാത്ര തിരിച്ചത്. എന്നാല്‍ സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അതേസമയം സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വിശദീകരിച്ചു.