കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുരപ്പുറ സൗരോര്‍ജ പദ്ധതിയായ പിഎം സൂര്യഘര്‍ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലുണ്ടായ പദ്ധതി പ്രഖ്യാപനം അതിവേഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. നിലവിലുണ്ടായിരുന്ന നാഷണല്‍ സോളാര്‍ റൂഫ്‌ടോപ് പദ്ധതി പരിഷ്‌കരിച്ചാണ് പിഎം സൂര്യഘര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പിഎം സൂര്യഘര്‍ പദ്ധതിയില്‍ സബ്‌സിഡി ലഭിക്കുന്നതിനായി കുടുംബത്തിന്റെ വരുമാന പരിധി തടസ്സമല്ല. നേരത്തെ ഉണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സോളാര്‍ പദ്ധതിയില്‍ 3 കിലോവാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് 54,000 രൂപയായിരുന്നു സബ്‌സിഡി ലഭിച്ചിരുന്നത്. എന്നാല്‍ പുതിയതായി ആരംഭിച്ച പിഎം സൂര്യഘര്‍ പദ്ധതിയില്‍ സബ്‌സിഡി 78,000 രൂപ വരെയായി ഉയര്‍ത്തിയിട്ടുണ്ട്. 3 കിലോവാട്ടിന് മുകളില്‍ സ്ഥാപിത ശേഷിയുള്ള സോളാര്‍ പ്ലാന്റിന് ലഭ്യമാകുന്ന മൊത്തം സബ്‌സിഡി 78,000 രൂപയായും നിജപ്പെടുത്തി.
പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ രാജ്യത്തെ ഒരു കോടി ഭവനങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പ്ലാന്റ് സജ്ജമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. കുടുംബങ്ങള്‍ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നല്‍കുന്ന തുക കുറയ്ക്കാനും രാജ്യത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ പണം ജനങ്ങളുടെ കൈയില്‍ നിലനിര്‍ത്താനും സര്‍ക്കാരിന് സാധിക്കും. പിഎം സൂര്യഘര്‍ പദ്ധതിക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സജ്ജമാക്കിയ https://pmsuryaghar.gov.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ഇലക്ട്രിസിറ്റി കണക്ഷന്‍ എടുത്തിട്ടുളള വ്യക്തിയുടെ പേരില്‍ത്തന്നെയാകണം രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. തുടര്‍ന്ന് വൈദ്യുത വിതരണ കമ്പനി വീട്ടിലേക്ക് എടുത്തിട്ടുള്ള കണക്ടഡ് ലോഡ്, ഇലക്ട്രിസിറ്റി ബില്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശം നല്‍കിവേണം ആദ്യഘട്ട നടപടി പൂര്‍ത്തിയാക്കേണ്ടത്. കണ്‍സ്യൂമര്‍ നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് പുരപ്പുറ സോളാര്‍ പദ്ധതിക്കായി നിശ്ചിത മാതൃകയില്‍ അപേക്ഷിക്കുക. വിതരണ കമ്പനിയില്‍ നിന്നും ഫീസിബിലിറ്റി അപ്രൂവല്‍ ലഭിക്കുന്നതോടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെന്‍ഡറുമായി ബന്ധപ്പെട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റ് പൂര്‍ത്തിയായ ശേഷം പിഎം സൂര്യഘര്‍ പദ്ധതിയുടെ വെബ്‌സൈറ്റില്‍ വീണ്ടും ലോഗിന്‍ ചെയ്തു സോളാര്‍ പ്ലാന്റിന്റെ വിശദാംശം രേഖപ്പെടുത്തുക. ഇതിനോടൊപ്പം നെറ്റ് മീറ്ററിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുക. നെറ്റ് മീറ്റര്‍ സ്ഥാപിക്കുകയും വിതരണ കമ്പനിയുടെ പരിശോധനയും പൂര്‍ത്തിയായ ശേഷം സോളാര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്യും. സോളാര്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തതിന്റെ റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ട് വിശദാംശം, കാന്‍സല്‍ ചെയ്ത ചെക്ക് തുടങ്ങിയവ വെബ്‌സൈറ്റില്‍ നല്‍കുക. അടുത്ത 30 ദിവസത്തിനകം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ അര്‍ഹമായ സബ്‌സിഡി തുക ലഭിക്കുന്നതായിരിക്കും.