പുന്നയൂർകുളം : തൃശ്ശൂര്‍ ജില്ലാ അതിർത്തിയിലെ പോക്കറ്റ് റോഡ് പോലീസ് നാലുവട്ടം അടച്ചു, നാലുതവണയും ആരൊക്കെയോ പൊളിക്കുകയും ചെയ്തു. സഹികെട്ട പോലീസ് ഒരു ലോഡ് കരിങ്കല്ല് ഇട്ട് വഴി അടച്ചുപൂട്ടി. ജില്ലാ അതിർത്തിയായ കണ്ടുബസാറിലേക്കുള്ള എടക്കഴിയൂർ – വെളിയങ്കോട് റോഡ് ചെറായി നോർത്ത് എൽപി സ്‌കൂളിനു സമീപം പോലീസ് മുളകെട്ടി അടച്ചതോടെ ബൈക്ക് യാത്രികർ, മുൻപുള്ള ചെറിയ റോഡിലൂടെ അതിർത്തി കടന്നു.
ഈ വഴി പോലീസ് നാലുവട്ടം അടച്ചെങ്കിലും ആരോ പൊളിക്കുകയായിരുന്നു. ജില്ലാ അതിർത്തി പങ്കിടുന്ന ദേശീയ, സംസ്ഥാന പാതകളിൽ പോലീസ് പരിശോധന ഉണ്ട്. അതുകൊണ്ടാണ് രണ്ടു റോഡിന്റെയും സമാന്തര വഴിയായ ചെറായിയിലൂടെ യാത്ര കൂടിയത്. ചെറായി പ്രദേശത്തുള്ളവർ മിക്ക ആവശ്യത്തിനും പാലപ്പെട്ടി, പുത്തൻപള്ളി സെന്ററുകളെയാണ് ആശ്രയിക്കുന്നത്. ഇതാണ് അതിർത്തി കടക്കുന്നതിനു കാരണമായി പറയുന്നത്.
സംസ്ഥാന പാതയിൽ മുക്കിലപീടിക, ജില്ലാ അതിർത്തിയായ വന്നേരി എന്നിവിടങ്ങളിലും ദേശീയപാതയിൽ തങ്ങൾപ്പടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സ്ഥിരം പരിശോധനാ കേന്ദ്രങ്ങളുണ്ട്. റോഡിനു നടുവിൽ തുണി പന്തലിട്ടാണു പോലീസ് നിൽക്കുന്നത്. ഇതിനു പുറമേ പെട്രോളിങ് സംഘത്തിന്റെ പരിശോധന വേറെയും നടക്കുന്നു.