പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏറത്ത് ചാത്തന്നൂർപ്പുഴ മുഞ്ഞനാട്ട് ഇടപ്പുര വീട്ടിൽ കൊച്ചുകുഞ്ഞിന്റെ മകൻ രാഘവ(56)നെയാണ് അടൂർ പോലീസ് പിടികൂടിയത്. പീഡനവിവരം പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മറ്റിയെ പെൺകുട്ടി അറിയിച്ചതനുസരിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന്റെ തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും പ്രതിയുടെ നീക്കം തിരിച്ചറിയാൻ പോലീസിന് കഴിയാതെവരികയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് ദിവസങ്ങളോളം അന്വേഷണം നടത്തി.
കിളിവയൽ കോളേജിന് സമീപമുള്ള വീട്ടിൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് ഇന്നലെ പുലർച്ചയോടെ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റി.ഡി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്ആർ.കുറുപ്പ്, റോബി ഐസക്, അമൽ ആർ, ഹരീഷ് ബാബു, ജയരാജ്പി.കെ, അനീഷ്.റ്റി.എസ്സ് എന്നിവരാണ് ഉണ്ടായിരുന്നത്.