പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വശീകരിച്ച് ബലാൽസംഗത്തിന് ഇരയാക്കിയതിന് അടൂർ പട്ടാഴി അടക്കാമരക്കുടി പ്രസാദ് ഭവനിൽ ഭാസ്കരൻ മകൻ പ്രസാദ് (35) നെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 35 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷവിധിച്ചു. കേസിനാസ്പദമായ സംഭവം നടന്ന 2014 ൽ , വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആയിരുന്ന പ്രതി ആ വിവരം മറച്ചു വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തുകയായിരുന്നു. പ്രതി ചതിക്കുകയായിരുന്നുവെന്ന് വൈകി മനസിലാക്കിയ പെൺകുട്ടി മനോ വിഷമത്താൽ വീട് വിട്ടിറങ്ങി പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചതിപ്രയോഗത്തിലൂടെ പെൺകുട്ടിയെ വശീകരിച്ച് ബലാൽസംഗത്തിന് ഇരയാക്കിയ വിവരം വെളിവായത്.
കേസിന്റെ വിചാരണയ്ക്കൊടുവിൽ സ്പെഷ്യൽ ജഡ്ജി ജയകുമാർ ജോൺ പ്രതി ഇന്ത്യൻ ശിക്ഷാനിയമം 417, 366,376 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ ആക്ട് ആറാം വകുപ്പു പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകൾ പ്രകാരം 35 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ ഒന്നര വർഷം കൂടി അധിക തടവുശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്വേഷണം നടത്തി ചാർജ്ജ് നൽകിയത് ഏനാത്ത് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എസ്.നന്ദകുമാറാണ്.