കാലടി : ഏകഭാഷാവാദം ശരിയായ കാഴ്ചപ്പാടല്ലെന്ന് അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലെ ഭാഷാശാസ്ത്ര അധ്യാപികയും ഗവേഷകയുമായ ഡോ.സാവിത്രി നമ്പൂതിരിപ്പാട് പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഈ വർഷം മുതൽ ആരംഭിച്ച വിശിഷ്ട പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഡോ.സാവിത്രി നമ്പൂതിരിപ്പാട്. ‘മലയാളമെന്നാൽ……’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഭാഷയും ഭാഷാ പ്രയോഗവും ഭാഷകളോടുളള സമീപനവും സവിശേഷമായ പ്രത്യയശാസ്ത്രത്തെ ഉൾക്കൊളളുന്നുണ്ട്. ഏതെങ്കിലുമൊരു ഭാഷ നിലനിൽക്കേണ്ടതില്ല എന്ന ആലോചനയും ഒരു രാഷ്ട്രത്തിന് ഒരു ഭാഷ മതിയെന്ന ആലോചനയും അപകടകരമായ പ്രത്യയശാസ്ത്രധർമ്മങ്ങൾ ഉൾക്കൊളളുന്ന കാഴ്ചപ്പാടുകളാണ്. ഓരോ ഭാഷയും അതിന്റെ തനിമയോടെ നിലനിൽക്കേണ്ടതുണ്ട്. ഇതരഭാഷാസമ്പർക്കം മലയാളഭാഷയെ സ്വാധീനിക്കുകയും നവീകരിക്കുകയുമാണ് ചെയ്യേണ്ടത്, ഡോ.സാവിത്രി നമ്പൂതിരിപ്പാട് പറഞ്ഞു.
കാലടി മുഖ്യക്യാമ്പസിലെ ലാങ്ഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മലയാളം വിഭാഗം അധ്യക്ഷ ഡോ.വി.ലിസി മാത്യു അധ്യക്ഷയായിരുന്നു. ഡോ.വത്സലൻ വാതുശേരി, ഡോ.നിനിത ആർ. എന്നിവർ പ്രസംഗിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുളള പ്രഗത്ഭരായ അക്കാദമിക് വിദഗ്ദ്ധർ, കലാകാരന്മാർ, ചിന്തകർ എന്നിവരെ പ്രഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും സർവ്വകലാശാല സമൂഹവുമായി സംവദിക്കാൻ ക്ഷണിക്കുന്നതിനുളള വേദിയായാണ് വിശിഷ്ട പ്രഭാഷണ പരമ്പര വിഭാവനം ചെയ്തിരിക്കുന്നതെന്ന് സർവ്വകലാശാല അറിയിച്ചു.