തിരുവനന്തപുരം : വിമര്‍ശനങ്ങളുയര്‍ന്നതോടെ പോലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള രാഷ്ട്രീയ തീരുമാനം കേരള സര്‍ക്കാര്‍ എടുത്തെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ ബാക്കി. അനുച്ഛേദം 203 രണ്ട് പ്രകാരം നിയമസഭ തുടങ്ങുന്നത് മുതല്‍ ആറാഴ്ച വരെ ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സിന് നിയമപ്രാബല്യമുണ്ട്. ആറാഴ്ചകള്‍ക്കുള്ളില്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് അംഗീകരിക്കേണ്ടതില്ലെന്ന് പ്രമേയം അവരതിപ്പിച്ച് നിയമസഭയില്‍ പാസാക്കാം. ഫെബ്രുവരിയിലെ ഇനി നിയമസഭ ഉണ്ടാകൂ എന്നതാണ് ശ്രദ്ധേയം.
അതേസമയം മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കാം. സര്‍ക്കാരിന് മുന്നിലുള്ള പ്രായോഗികമായ ഏക മാര്‍ഗം ഇതാണ്. മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സിനോട് ഗവര്‍ണര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. ഒരുമാസം പിടിച്ചുവച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. രണ്ടു ദിവസത്തിനകം ഓര്‍ഡിനന്‍സ് പിന്‍വലിച്ചത് എന്തിനാണെന്ന് ഗവര്‍ണര്‍ക്ക് ഇനി സര്‍ക്കാരിനോട് വിശീകരണം തേടാം. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരും.