തിരുവനന്തപുരം : സൈബര്‍ അതിക്രമം തടയാനെന്ന പേരില്‍ മുഴുവന്‍ മാധ്യമങ്ങളെയും കൂച്ചുവിലങ്ങിടുന്ന പോലീസ് നിയമ ഭേദഗതി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. എതിര്‍ ശബ്ദങ്ങളെ കേസില്‍ കുടുക്കാനും പീഡിപ്പിക്കാനും പോലീസിനും ഭരണകൂടത്തിനും അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണ് ഈ ഭേദഗതിയെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഏതുവിധത്തിലുള്ള വാര്‍ത്താപ്രചാരണവും കുറ്റകൃത്യമാക്കാവുന്ന നിയമവ്യവസ്ഥ അപകടകരമായ രീതിയില്‍ ദുരുപയോഗത്തിനു സാധ്യത ഉള്‍ക്കൊള്ളുന്നതാണ്. പരാതിയില്ലെങ്കിലും പോലീസിന് സ്വമേധയാ കേസ് എടുക്കാമെന്നു വരുന്നത് കേരളത്തിലുടനീളമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ പേരില്‍ പോലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങേണ്ടി വരുന്ന നാളുകളിലേക്കാവും വഴി തെളിയിക്കുക.
തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ സാഹചര്യമാണ് ഇതിലൂടെ സംജാതമാവുക. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയാവുന്ന മാധ്യമ മാരണ നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാവണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും ആവശ്യപ്പെട്ടു.