തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സുധേഷ് കുമാറിനെ നീക്കുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം വരിക. പി ശശി പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെയാണ് സുധേഷ് കുമാറിനെ മാറ്റുന്ന സൂചന പുറത്തു വരുന്നത്. പോലീസില്‍ അടിമുടി അഴിച്ചു പണിയുണ്ടാകും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് അടക്കം മാറ്റമുണ്ടാകും.
പുതിയ സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്താനുള്ള യു.പി.എസ്.സിയുടെ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് സുധേഷ് കുമാര്‍. പട്ടികയിലെ ഏറ്റവും സീനിയര്‍. എന്നാല്‍ സുധേഷ് കുമാറിനെ മറികടന്ന് അനില്‍കാന്തിനെയാണ് പോലീസ് ഡിജിപിയാക്കിയത്. അതിന് ശേഷവും സുധേഷ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി തുടരാന്‍ കഴിഞ്ഞു. ഇതിനിടെ ചില വിവാദങ്ങളും സുധേഷ് കുമാറിനെ തേടിയെത്തി.
തച്ചങ്കരിയെ പോലീസ് മേധാവിയാക്കാന്‍ പിണറായി സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ഒരു വിജിലന്‍സ് കേസ് തിരിച്ചടിയായി. ടോമിന്‍ തച്ചങ്കരിയെ പോലീസ് മേധാവിയാക്കാതിരിക്കാന്‍ ചില നിര്‍ണ്ണായക നീക്കം നടത്തിയതും സുധേഷ് കുമാറാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഐപിഎസുകാരില്‍ ഏറ്റവും സീനിയറായിരുന്നു തച്ചങ്കരി. എന്നാല്‍ യുപിഎസ് സിയുടെ പട്ടികയില്‍ തച്ചങ്കരി ഉള്‍പ്പെട്ടില്ല. ഇതോടെയാണ് അനില്‍ കാന്തിനെ പോലീസ് മേധാവിയാക്കിയത്.
എന്നാല്‍ നിലവില്‍ കേന്ദ്രസര്‍വ്വീസിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങി വരാന്‍ താത്പര്യമില്ലെന്ന് യോഗത്തെ അറിയിച്ചു. നിലവില്‍ എസ്‌പി.ജി മേധാവിയാണ് അരുണ്‍ കുമാര്‍ സിന്‍ഹ. സന്ധ്യയേയും സര്‍ക്കാര്‍ ഡിജിപിയാക്കാന്‍ പരിഗണിച്ചില്ല. അനില്‍ കാന്തിന് നറുക്ക് വീഴുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിമാരെ അടക്കം മാറ്റിയേക്കും. ഇതിന് തുടക്കമിട്ടാണ് വിജിലന്‍സിലെ ആദ്യ മാറ്റത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിലവില്‍ നാല് ഡിജിപിമാര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. തച്ചങ്കരിയും സുധേഷ് കുമാറും അനില്‍ കാന്തും ബി സന്ധ്യയും. ഇതില്‍ സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റുമ്പോള്‍ പകരം ആരെത്തുമെന്നത് നിര്‍ണ്ണായകമാണ്. ബി സന്ധ്യ നിലവില്‍ ഫയര്‍ ഫോഴ്‌സ് മേധാവിയാണ്. അതുകൊണ്ട് തന്നെ എഡിജിപിമാരില്‍ ആര്‍ക്കെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ പദം നല്‍കിയേക്കും.