കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസ് പള്ളിയില്‍ കയറി മുതവല്ലിയെ മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ കുറ്റ്യാടി മരുതോങ്കര ജുമാമസ്ജിദിലാണ് സംഭവം. സംഭവത്തില്‍ കുറ്റ്യാടി സിഐക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുതവല്ലി എന്‍ ശരീഫ് ജില്ലാ പോലീസ് സുപ്രണ്ടിന് പരാതി നല്‍കി.
പെരുന്നാള്‍ ദിവസം രാവിലെ ആറിനാണ് കുറ്റ്യാടി സിഐയും സംഘവും പള്ളിയില്‍ അതിക്രമിച്ച് കടന്ന്, അവിടെ തന്നെ താമസിക്കുന്ന പള്ളി മുക്രി സുലൈമാന്‍ മുസല്യാരേയും മഹല്ല് മുതവല്ലി എന്‍ ശരീഫിനെയും മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെരുന്നാള്‍ നമസ്കാരത്തിന് വരുന്നവരെ തിരിച്ചയയ്ക്കാന്‍ വേണ്ടിയാണ് മുതവല്ലി പള്ളിയില്‍ എത്തിയത്.
എന്നാല്‍ സിഐയും സംഘവും അതിക്രമിച്ച് കയറി 65 വയസ് പ്രായമുള്ള സുലൈമാന്‍ മുസല്യാരേയും മുതവല്ലിയേയും ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറിവിളിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മുതവല്ലി കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.