തൊടുപുഴ: ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോയ മൊബൈല്‍ മോഷണക്കേസ് പ്രതിയെ മണിക്കൂറുകള്‍ക്ക് ശേഷം പിടികൂടി. കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് തൊടുപുഴ ജില്ല ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ച തഴുവംകുന്ന് സ്വദേശിയായ പതിനേഴുകാരനാണ് ശനിയാഴ്ച രാത്രി എട്ടോടെ ചാടിപ്പോയത്. ഞായറാഴ്ച രാവിലെ 11.30-ന് ന്യൂമാന്‍ കോളജിന് സമീപത്തുനിന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പം മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ കോട്ടയം ഇരവിമംഗലം സ്വദേശി അനന്ദുവിനെയും പോലീസ് പിടികൂടി.
ശനിയാഴ്ച പുലര്‍ച്ച ടൗണ്‍ഹാളിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍നിന്ന് 11 മൊബൈല്‍ ഫോണും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച് സ്ഥലം വിടുന്നതിനിടെ പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘത്തിന്റെ മുന്നില്‍പ്പെടുകയായിരുന്നു.
കൗമാരക്കാരനെ കിട്ടിയെങ്കിലും അനന്ദു കടന്നുകളഞ്ഞു. തുടര്‍ന്ന് പ്രതിയെ ജില്ല ആശുപത്രിയില്‍ എത്തിച്ച് ആന്റിജന്‍ പരിശോധനക്ക് വിധേയനാക്കി. ഫലം പോസിറ്റിവായതോടെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഐസൊലേഷന്‍ വാര്‍ഡായതിനാല്‍ പോലീസ് കാവലുണ്ടായിരുന്നില്ല. ഇത് മുതലെടുത്ത് അകത്തെ ഗ്രില്ല് വഴി ഇയാള്‍ രക്ഷപെടുകയായിരുന്നു.
കാരിക്കോട് നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിലാണ് രാത്രി കഴിച്ചുകൂട്ടിയത്. രാവിലെ മങ്ങാട്ടുകവലയിലെത്തി ആളുകളോട് വണ്ടിക്കൂലിക്ക് പണം ചോദിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രതിയുടെ ചിത്രം കണ്ട ചിലര്‍ ഇയാളെ തിരിച്ചറിഞ്ഞ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയതോടെ കടന്നകളയാന് ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
ഇയാളെ ന്യൂമാന്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന എല്ലാ പോലീസുകാരെയും ക്വാറന്റീനിലാക്കി. കൂട്ടുപ്രതി അനന്ദുവിനെ ഇരവിമംഗലത്തുനിന്നാണ് തൊടുപുഴ പോലീസ് പിടികൂടിയത്. ഇയാളുടെ പരിശോധനഫലം നെഗറ്റിവാണ്.