പത്തനംതിട്ട : കോവിഡിന്റെ അതിതീവ്ര വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി. അനാവശ്യ യാത്രകള്‍ ഒരു കാരണവശാലും അനുവദിക്കില്ല. കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ മുതലായവരുടെ യാത്രക്ക് തടസമില്ല. അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയുടെ നീക്കം സുഗമമാക്കാന്‍ വേണ്ടത് ചെയ്യും.
ക്വാറന്റീന്‍ ലംഘനം കണ്ടെത്തുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി വനിതാ പോലീസുദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. പൊതുസ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും മാര്‍ക്കറ്റിലും മറ്റ് കച്ചവടസ്ഥാപനങ്ങളിലും രണ്ടു മീറ്റര്‍ അകലം പാലിക്കാതിരിക്കുന്നതും കണ്ടാല്‍ നിയമനടപടി കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ (04.05.2021) 103 കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 798 ആളുകള്‍ക്കെതിരെ പെറ്റികേസ് എടുത്തു, സാമൂഹിക അകലം പാലിക്കാത്തതിന് 562 പേര്‍ക്കെതിരെ പെറ്റികേസ് ചാര്‍ജ് ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു