പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ അക്രമവും മോഷണവും പെരുകുന്നു, ഒപ്പം മദ്യപാനികളുടെ വിളയാട്ടവും. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പത്തനംതിട്ട എക്സൈസ് ഓഫീസിനു സമീപവും മദ്യപര്‍ അഴിഞ്ഞാടി. രണ്ടുപേര്‍ ചേര്‍ന്ന് ഒരാളെ അടിച്ചു താഴെയിട്ട് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും അപഹരിച്ചു. സമീപത്തുണ്ടായിരുന്ന അഭിഭാഷകര്‍ അക്രമികളെ കീഴ്പ്പെടുത്തി പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസ് ഇവിടെയെത്താന്‍ വളരെ വൈകിയെന്നും ആക്ഷേപമുണ്ട്. ഇന്നലെ രാവിലെ സെന്റ് മേരീസ് സ്കൂളിനു സമീപമുള്ള വനിതാ ഹോസ്റ്റലിനു മുന്നില്‍ നഗ്നതാ പ്രദര്‍ശനവുമായാണ് മറ്റൊരാള്‍ അങ്കം കുറിച്ചത്. ഇയാളെയും പിന്നീട് പോലീസ് പിടികൂടിയിരുന്നു.
പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നില്‍പോലും മദ്യപാനികളുടെ വിളയാട്ടമാണ്. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷന്റെ കവാടത്തിനു മുന്നില്‍ മദ്യപന്‍ ബോധരഹിതനായി കിടക്കുന്ന വാര്‍ത്ത പത്തനംതിട്ട മീഡിയ നല്‍കിയിരുന്നു. റോഡില്‍ എവിടെ നോക്കിയാലും പോലീസ് വാഹനങ്ങള്‍ ചീറിപ്പായുന്നത് കാണാം. സന്ധ്യ കഴിഞ്ഞാല്‍ ആളൊഴിഞ്ഞ റോഡില്‍ക്കൂടി നടക്കുവാന്‍ പുരുഷന്മാര്‍ പോലും ഭയപ്പെടുകയാണ്. നഗരത്തില്‍ പോലും ജനങ്ങള്‍ക്ക് ഭയപ്പെടാതെ സഞ്ചരിക്കുവാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.