തിരുവനന്തപുരം : സംസ്ഥാന പോലീസിലും നിയമന അട്ടിമറിയെന്നു ആരോപണം. ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു പരാതി നൽകി. ഇന്റർവ്യൂ ബോർഡ് അംഗത്തിന്‍റെ സഹോദരിക്കും അയോഗ്യരായ രണ്ടു പേർക്കും നിയമനം നൽകിയതായി പരാതിയിൽ പറയുന്നു. ഇന്റർവ്യൂവിനു രണ്ടു മാർക്കു നേടിയ വ്യക്തിയും ലിസ്റ്റിൽ കടന്നു കൂടി. പരാതി തുടർനടപടികൾക്കായി ഡിജിപിക്കു കൈമാറി. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് (എസ്‌സിആർബി) പോലീസിലെ തസ്തികമാറ്റം വഴിയുള്ള ഫിംഗർ പ്രിന്റ് സെർച്ചേഴ്‌സ് നിയമനം നടത്തുന്നത്. പോലീസിലെയും വിജിലൻസിലെയും ക്ലാസ് 3 ജീവനക്കാർക്ക് അപേക്ഷിക്കാം. എന്നാൽ എസ്‌സിആർബിയിലെ രണ്ടു ക്ലാസ്സ് 4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നിയമന അട്ടിമറി നടന്നതായി പരാതിയിൽ പറയുന്നു.
അനധികൃത നിയമനത്തിനു പിന്നിൽ എസ്‌സിആർബിയിലെ ഉന്നതന്റെ ഇടപെടൽ ഉണ്ടെന്നാണ് ആരോപണം. ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ടൈപിസ്റ്റും ജോലിനോക്കുന്നവരുടെ ബന്ധുവും ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഫിംഗർ പ്രിന്റ് ബ്യൂറോയെകൊണ്ട് ചോദ്യം തയാറാക്കിയത് ക്രമപ്രകാരമല്ലെന്നു പരാതിയിൽ പറയുന്നു. പരീക്ഷയിൽ ജയിക്കുന്നവരെ മാത്രമാണ് സാധാരണ ഇന്റർവ്യൂവിനു വിളിക്കുന്നത്. പട്ടികയിലുള്ള എല്ലാവരെയും ഇന്‍റർവ്യൂവിനു വിളിച്ചത് ക്രമപ്രകാരമല്ല. സിലബസ് പ്രകാരമുള്ള എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിയില്ലെന്നും പരാതിയുണ്ട്.
2020 ജനുവരിയിൽ അപേക്ഷ ക്ഷണിച്ച നിയമനത്തിലേക്കു 2020 ഡിസംബർ 22 നാണ് പരീക്ഷ നടത്തിയത്. എന്നാൽ മാർക്കു പ്രസിദ്ധീകരിക്കാതെ പരീക്ഷ എഴുതിയ മുഴുവൻ പേർക്കുമായി 2021 ജനുവരി ഏഴിന് അഭിമുഖം നടത്തി. ഇന്റർവ്യൂവിനു രണ്ടു മാർക്കു നേടിയ വ്യക്തി ഉൾപ്പെടെ 10 പേർക്ക് ജനുവരി 12ന് നിയമന ഉത്തരവ് നൽകി.