പത്തനംതിട്ട : ഒരു പ്രശ്‌നം ഉണ്ടായാല്‍ സാധാരണക്കാര്‍ ആദ്യമെത്തുന്നതു പോലീസ് സ്റ്റേഷനുകളിലേക്കായതിനാലാണ് പോലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദപരമായി നിര്‍മ്മിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പന്തളം പോലീസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ് മൈതാനത്തു നിര്‍മ്മിച്ച ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി പോലീസ് റിസോഴ്‌സ് സെന്ററിന്റെയും എ-ടൈപ്പ് ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വന്തമായി പോലീസ് സ്റ്റേഷന്‍ കെട്ടിടം ഇല്ലാത്ത സ്ഥലങ്ങളില്‍ കുറഞ്ഞ ചിലവില്‍ പ്രകൃതി സൗഹൃദമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. 2020 ല്‍ സ്ത്രീ സുരക്ഷ പ്രധാന പരിപാടിയായി പോലീസ് ഏറ്റെടുക്കണം. ഇതിന് മുന്നോടിയായി പരീക്ഷണ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു സുരക്ഷിതമായി ഏതു സമയത്തും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ‘സുരക്ഷിത’ എന്ന പരിപാടി കൊല്ലത്ത് നടപ്പാക്കി വരുന്നു. ഷാഡോ പോലീസിംഗ് നടപടികള്‍ ശക്തിപ്പെടുത്തും. പോലീസിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പന്തളത്തേത് ഉള്‍പ്പെടെ സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരേസമയം മുഖ്യമന്ത്രി നിര്‍വഹിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സൗകര്യത്തോടെ പ്രവര്‍ത്തിക്കുവാനും അതുവഴി ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുവാനും കമ്മ്യൂണിറ്റി സെന്റര്‍ വഴി സാധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് വന്നതോടെ ഒരുപാട് മാറ്റങ്ങള്‍ നാട്ടില്‍ കൊണ്ടുവരാന്‍ സാധിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതു സമയത്തും പോലീസിനെ സമീപിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ പോലീസ് സേന മാറിയെന്നും അധ്യക്ഷ പ്രസംഗത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍. എ പറഞ്ഞു. അയ്യപ്പന്റെ നാട്ടില്‍ ഇങ്ങനെയൊരു കമ്യൂണിറ്റി സെന്റര്‍ വന്നത് ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തുന്ന പോലീസുകാര്‍ക്കും വളരെ പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
ജനമൈത്രി പോലീസിന്റെ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഹാള്‍, ലൈബ്രറി, അടുക്കള, ഭക്ഷണശാല, വിശ്രമമുറികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ പന്തളത്തെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുവാനുള്ള പ്രത്യേക സൗകര്യവും ഒരേ സമയം 100 പേര്‍ക്ക് വിശ്രമിക്കാവുന്ന എ-ടൈപ്പ് ഡോര്‍മിറ്ററിയും ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, പന്തളം മുനിസിപ്പല്‍ കൗണ്‍സിലര്‍ ലസിത ടീച്ചര്‍, മുന്‍ എം.എല്‍.എ പി.കെ കുമാരന്‍, ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ്, പത്തനംതിട്ട ഡി.വൈ.എസ്.പി: കെ.സജീവ്, തിരുവല്ല ഡി.വൈ.എസ്.പി: ജെ. ഉമേഷ് കുമാര്‍, അടൂര്‍ ഡി.വൈ.എസ്.പി: ജവാഹര്‍ ജനാര്‍ദ്ദ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി: ആര്‍.സുധാകരപിള്ള, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി: ആര്‍. പ്രദീപ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി: ആര്‍.ജോസ്, ഡി.എച്ച്.ക്യൂ. അസി.കമാണ്ടന്റ് കെ.സുരേഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ന്യൂമാന്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജി.ജയചന്ദ്രന്‍, കെ.പി.എ ജില്ല പ്രസിഡന്റ് ടി.എന്‍ അനീഷ്, കെ.പി.എ ജില്ല സെക്രട്ടറി ബി. സഖറിയ, റസിഡന്റ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജെ.ജയകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.ജെ. ഷാജഹാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എം. മജീദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ ലൈബ്രറിയിലേക്ക് പന്തളം മീഡിയ സെന്റര്‍ നല്കിയ പുസ്തകങ്ങള്‍ ഭാരവാഹികളില്‍ നിന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഏറ്റുവാങ്ങി.