തൃശൂര്‍: കണ്ടാണശേരി പോലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അന്‍പതുകാരന്റെ പരാക്രമം. സ്റ്റേഷന്റെ ഗേറ്റില്‍ വാഹനമിടിപ്പിച്ചു. പോലീസുകാരനെ ചവിട്ടി വീഴ്ത്തി. വാഹനാപകടക്കേസില്‍ വിളിപ്പിച്ചപ്പോഴായിരുന്നു സംഭവം. കൂനംമൂച്ചി സ്വദേശിയായ വിന്‍സെന്റാണ് പരക്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുറിയര്‍ സര്‍വീസ് നടത്തുന്നയാളാണ് വിന്‍സെന്റ്. നേരത്തെ പ്രവാസിയായിരുന്നു. മുന്‍ ഡ്രൈവര്‍ സന്തോഷുമായി തെറ്റിപ്പിരിഞ്ഞു. ഇതിന്റെ വൈരാഗ്യത്തില്‍ സന്തോഷിന്റെ ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി വിന്‍സെന്റിനെതിരെ പരാതിയുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മദ്യലഹരിയില്‍ വളര്‍ത്തുനായയുമായി എത്തിയ വിന്‍സെന്റ് സ്റ്റേഷന്‍ വളപ്പില്‍ പരാക്രമം കാട്ടി. ഗേറ്റ് പൊളിച്ചു. മണ്‍വെട്ടിയുമായി പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ മറ്റു ഉദ്യോഗസ്ഥര്‍ സംഘമായെത്തി കീഴ്പ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. പോലീസിനെ ഏറെ നേരം വെല്ലുവിളിച്ചിരുന്നു. പോലീസ് ആദ്യം സംയമനം പാലിച്ചു. പിന്നീട് ആക്രമണം രൂക്ഷമായപ്പോള്‍ ബലംപ്രയോഗിച്ചു. പതിനഞ്ചു വര്‍ഷം മുമ്പ് പള്ളിപ്പെരുന്നാളിന് പോലീസിനെ തല്ലിയതിന് കേസുണ്ട്.