തിരുവനന്തപുരം : പോലീസ് വാഹനങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കാന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം. അപകടത്തില്‍പ്പെടുന്ന പോലീസ് വാഹനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതിരിക്കുന്നതിനെത്തുടര്‍ന്നാണ് നടപടി. നിലവില്‍ പോലീസിന്റെ കൈവശമുള്ള ഭൂരിഭാഗം വാഹനങ്ങള്‍ക്കും തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണുള്ളത്. ഇതുപ്രകാരം പോലീസ് വാഹനം ഇടിച്ച് ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടപരിഹാരം ലഭിക്കും. പക്ഷേ അപകടത്തില്‍ സ്വന്തം വാഹനത്തിനുണ്ടായ കേടുപാട് പോലീസ് തന്നെ നന്നാക്കണം. അടുത്തിടെ ഒരു പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടപ്പോള്‍ പോലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ പോലീസുകാര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചു. കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു.
തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സാണ് പോലീസ് വാഹനത്തിനുള്ളതെന്നും യാത്രക്കാരായ പോലീസുകാര്‍ വാഹന ഉടമയായ പോലീസ് വകുപ്പിന്റെ ഭാഗമാണെന്നും പുറമേയുള്ളവര്‍ക്ക് നല്‍കേണ്ട പരിരക്ഷയ്ക്ക് പോലീസുകാര്‍ അര്‍ഹരല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇത് അംഗീകരിച്ച ഹൈക്കോടതി നഷ്ടപരിഹാരത്തുക കുറച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ പലതും ഇന്‍ഷുറന്‍സ് എടുക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മിക്ക സര്‍ക്കാര്‍വകുപ്പുകളും സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പോളിസിയാണ് എടുക്കുന്നത്. ഇതേരീതിയില്‍ പോലീസിനും സമ്പൂര്‍ണ പോളിസി എടുക്കാനാണ് പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുള്ളത്.