കൊച്ചി: ചേര്‍ത്തല പൂച്ചാക്കലില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ടെത്തിയ കാര്‍ പെണ്‍കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ കാര്‍ മറ്റൊരു സൈക്കിളിലും ബൈക്കിലും ഇടിച്ചു. കാര്‍ ഓടിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം.
ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെയാണ് കാര്‍ ഇടിച്ചത്. രണ്ടുപേർ കനാലിലേക്കാണു വീണത്. അതിനു ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർഥിനിയെ ഇടിച്ചു. തുടർന്നു പോസ്റ്റിൽ ഇടിച്ചാണു കാർ നിന്നത്. കാർ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്നതിന് മുമ്പ് കാര്‍ ഒരു ബൈക്കിനെയും ഇടിച്ചിട്ടിരുന്നതായാണ് വിവരം.