കോന്നി : പൂച്ചക്കുളത്തിന്റെ വനമേഖലയെ പുതയ്ക്കുന്ന കോടമഞ്ഞ് സഞ്ചാരികൾക്ക് ദൃശ്യ ചാരുത പകരുന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ തേക്കുതോട്ടിലാണ് പൂച്ചക്കുളം എന്ന പ്രദേശം ഉൾപ്പെടുന്നത്. നഗരത്തിന്റെ അലോസരങ്ങൾ തെല്ലും കടന്നുചെല്ലാത്ത പൂച്ചക്കുളം മഞ്ഞുകാലമായാൽ മനോഹരിയാണ്.
മാനത്ത് നിന്നും തൂവെള്ള മേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയതുപോലെ പുകചുരുളുകൾ പോലെ തോന്നുന്ന കോടമഞ്ഞ് പ്രകൃതി സ്നേഹികളുടെ ഉള്ളിൽ നവ്യാനുഭവം ഉണർത്തുന്നു. സഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന പൂച്ചക്കുളം വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. വനത്തിനുള്ളിൽ നിന്നും ഉത്ഭവിച്ച് കല്ലിൽ തട്ടി ചിന്നി ചിതറി തെറിക്കുന്ന പൂച്ചക്കുളം വെള്ളച്ചാട്ടം ആരും നോക്കി നിന്നുപോകും. ടൂറിസം ഭൂപടങ്ങളിൽ ഇടം നേടാത്ത ഇവിടെ വിനോദ സഞ്ചാരത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
വലിയ വിനോദസഞ്ചാര മേഖല അല്ലെങ്കിലും പഴയതും പുതിയതുമായ തലമുറയിലെ നിരവധി ആളുകൾ ഇവിടുത്തെ മഞ്ഞ് പെയ്യുന്ന മലനിരകളേയും പ്രകൃതി ഭംഗിയേയും ഇഷ്ടപ്പെടുന്നുണ്ട്. പ്രായഭേദമന്യേ നിരവധി പേർ കോടമഞ്ഞ് കാണുന്നതിനും ഇവിടെ എത്തിച്ചേരുന്നുണ്ട്. കണ്ണെത്താ ദുരത്തോളം പരന്ന് കിടക്കുന്ന മലനിരകളിൽ മഞ്ഞ് പട്ടുപുതച്ച് കിടക്കുന്നത് കണ്ടാൽ മറ്റൊരു ലോകത്തിലെത്തിയ അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. ഇത് പുറം ലോകത്ത് എത്തിക്കുന്നതിനായി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തുന്നവരും ഉണ്ട്.