ചങ്ങനാശേരി : പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ തള്ളി. കേസുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്കോര്‍പിയോ കാറും പിടിച്ചെടുത്തു.
പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരി (32)യെയാണ് ഞായറാഴ്ച രാത്രി ഒന്‍പതിന് പാലമറ്റം ക്ഷേത്രത്തില്‍നിന്നും തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മര്‍ദിച്ചതിനുശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കി റോഡില്‍ തള്ളുകയായിരുന്നു. ഇദ്ദേഹത്തെ തൃക്കൊടിത്താനം പോലീസ് രാത്രി കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങനാശേരി പെരുന്ന കൃഷ്ണപ്രിയ വീട്ടില്‍ പ്രവീണ്‍ (34), തൃക്കൊടിത്താനം ശ്രീകല ഭവന് ഗോകുല്‍ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനില്‍ ഹരീഷ് (39) എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്. പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തില്‍ രോഷാകുലരായാണ് മൂവര്‍സംഘം പദ്ധതി ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു.
തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐമാരായ പ്രദീപ്, മോഹനന്, എഎസ്ഐ രഞ്ജീവ്, എസ്ഐ ട്രെയിനി ജയകൃഷ്ണന്‍നായര്‍ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.