തിരുവനന്തപുരം : പി.ഡി.പി. നേതാവായിരുന്ന പൂന്തുറ സിറാജിനെ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കാനുള്ള ഐ.എന്‍.എല്‍. തീരുമാനത്തിനെതിരേ സി.പി.എം. രംഗത്ത്. തീവ്ര നിലപാടുകളുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്നും മാറി വന്ന ആളെ മുന്നണിയില്‍ ആലോചിക്കാതെ പെട്ടെന്ന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. സി.പി.എം. ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഐ.എന്‍.എല്‍. നേതൃത്വവും പ്രതിസന്ധിയിലായിട്ടുണ്ട്. പൂന്തുറ സിറാജിനെ പിന്‍വലിക്കാനാണ് സാധ്യത.
സ്ഥാനാര്‍ഥി വിഷയം ചര്‍ച്ചചെയ്യാനായി അടിയന്തരയോഗങ്ങള്‍ ചേര്‍ന്നിരുന്നു. സി.പി.എമ്മിനെ പിണക്കി മത്സരത്തിനിറങ്ങാന്‍ ഐ.എന്‍.എല്‍. തയ്യാറാവില്ല.
കഴിഞ്ഞ ദിവസമാണ് പി.ഡി.പി. വൈസ് ചെയര്‍മാനായിരുന്ന പൂന്തുറ സിറാജ് ഐ.എന്‍.എല്ലില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഉടനെ തന്നെ ഐ.എന്‍.എല്ലിന് എല്‍.ഡി.എഫ്. നല്‍കിയ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മുമ്പ് പ്രഖ്യാപിച്ച ആളെ പിന്‍വലിച്ചായിരുന്നു ഈ നീക്കം. ഇത് ആസൂത്രിതമായിരുന്നുവെന്നാണ് എല്‍.ഡി.എഫ്. നേതാക്കള്‍ കരുതുന്നത്. ഐ.എന്‍.എല്‍. ജില്ലാ ട്രഷറര്‍ എ.എല്‍.കാസിമിനെയാണ് മാണിക്യവിളാകത്ത് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് ജയത്തിനായി തീവ്രവര്‍ഗീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സി.പി.എം. നിലപാട്. ഇത് ഐ.എന്‍.എല്‍. ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പി.ഡി.പി., എസ്.ഡി.പി.ഐ.പോലുള്ള തീവ്ര നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളുമായി യാതൊരു തിരഞ്ഞെടുപ്പ് സഖ്യവും വേണ്ടെന്നാണ് സി.പി.എം. തീരുമാനം. ഇത് മറികടക്കാനാണ് പി.ഡി.പി.യുടെ ഏറ്റവും പ്രധാന നേതാക്കളിലൊരാളെ പാര്‍ട്ടി മാറ്റി സ്ഥാനാര്‍ഥിയാക്കിയതെന്നും എല്‍.ഡി.എഫ്. നേതാക്കള്‍ കരുതുന്നു. മദനിയുടെ അടുത്ത അനുയായിയായിരുന്നു പൂന്തുറ സിറാജ്.
മാണിക്യവിളാകത്ത് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണെന്നാണ് ഐ.എന്‍.എല്‍. നേതാക്കളുടെ വിശദീകരണം. പൂന്തുറ സിറാജ് പി.ഡി.പി.യില്‍ നിന്നും മത്സരിച്ച് മൂന്ന് തവണ കോര്‍പ്പറേഷന്‍ കൗണ്‍സിലിലെത്തിയിട്ടുണ്ട്. 1995, 2000, 2005 കാലഘട്ടത്തിലാണ് സിറാജ് കൗണ്‍സിലറായിരുന്നത്. സിറാജ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകുന്നത് എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കാനുള്ള സാധ്യതയുണ്ടെന്നാണ് സി.പി.എം. വിലയിരുത്തല്‍.