തിരുവനന്തപുരം : ചലച്ചിത്ര ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കോവിഡ് ബാധയെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയയും ശ്വാസതടസവും നേരിട്ടതോടെ ആരോഗ്യസ്ഥിതി ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 73 വയസായിരുന്നു.
1973 ല്‍ പുറത്തിറങ്ങിയ ‘കവിത’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. മൂന്നൂറിലേറെ ചിത്രങ്ങളിലായി 1200 ഓളം പാട്ടുകള്‍ എഴുതി. മലയാളിയുടെ നാവിന്‍ തുമ്പിലെ നിത്യഹരിത ഗാനങ്ങള്‍ പൂവച്ചല്‍ ഖാദറിന്റെ തൂലികയില്‍ വിരിഞ്ഞതായിരുന്നു. നാഥാ നി വരും, ഏതോ ജന്മ കല്‍പനയില്‍, ശരറാന്തല്‍ തിരിതാഴും..തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ക്ക് പിന്നില്‍ പൂവച്ചല്‍ ഖാദറായിരുന്നു.
തകര, പാളങ്ങള്‍, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധ നേടി. 1980കാലഘട്ടത്തില്‍ സിനിമാ രംഗത്തു നിറസാന്നിധ്യമായിരുന്ന ഖാദര്‍ കെജി ജോര്‍ജ്, പിഎന്‍ മേനോന്‍, ഐവി ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചു.