മല്ലപ്പള്ളി : അപകടം ഒഴിയാതെ പൂവനക്കടവ് – പുഴകോൽപ്പുഴ റോഡ്. ആരംഭഘട്ടത്തിൽ 8 കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് ഒഴിച്ചാൽ ഇടയ്ക്ക് നടത്തിയത് ആദ്യഘട്ടത്തിലെ ബിഎം ആൻഡ് ബിസി ടാറിംഗിലെ പാളിച്ച നിറഞ്ഞ നവീകരണമാണ്. പാടിമൺ മുതൽ ചെറുകോൽപ്പുഴ വരെയുള്ള 15 . 150കിലോമീറ്റർ ദൂരം നവീകരണത്തിൽ ബാക്കിയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുമായ 21 അപകടം ഈ റോഡിലുണ്ടായി. കഴിഞ്ഞ ദിവസം ചാലാപ്പള്ളി താളിയാനിപ്പകയിൽ പാടിമൺ സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരാണ് അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഇന്നലെ ചാലാപ്പള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി തൂൺ തകർത്ത് യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. പുവനക്കടവ് ചെറുകോൽപുഴ റോഡിൽ താളയാനിയ്ക്കൽ പടിക്കും ഗവ.എൽ.പിസ്കൂളിനും ഇടയിലായി ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. എഴുമറ്റൂർ ഭാഗത്തുനിന്ന് റാന്നിയിലേക്ക് എത്തിയ വാഹനം പാതയിൽ നിന്ന് തെന്നിമാറി വൈദ്യുതത്തുണിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ നരകത്താനി കണിച്ചാട്ട് ബിജു (58), ലാലി ബിജു (57), ലിസി തോമസ് (67) എന്നിവർ കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം അപകടം നടന്ന ഭാഗത്തുനിന്നും 50 മീറ്റർ മാത്രം ദൂരത്തിലായിരുന്നുഇന്നലത്തെ സംഭവം.