പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി ഇവര്‍ക്ക് കീഴടങ്ങാന്‍ മൂന്നാഴ്ച സമയം അനുവദിച്ചിരുന്നു.
അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പിന്റെ ഭാഗമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കോന്നി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം നിലമ്പൂരില്‍ നിന്നാണ് റിയയെ പിടികൂടിയത്. റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി അഭിഭാഷകര്‍ അറിയിച്ചു. എന്നാല്‍ കോന്നി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ അറസ്റ്റ് ചെയ്തത്.
സിബിഐക്ക് കേസ് കൈമാറാന്‍ ഉത്തരവാകാത്തതിനാല്‍ പോലീസിന്റെ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയേയും അറിയിച്ചു. ഇതില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനിടെയാണ് നിര്‍ണ്ണായകമായ അറസ്റ്റ് നടക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയലിന്റെ രണ്ടാമത്തെ മകളായ റിയ കേസില്‍ അഞ്ചാം പ്രതിയും പോപ്പുലറിനു കീഴിലെ 4 കമ്പനികളുടെ ഡയറക്ടറുമാണ്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി. ഇവരില്‍ നിന്ന് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.