കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയില്‍. കേസിലെ പരാതികളില്‍ പ്രത്യേകം എഫ്‌ഐആര്‍ എന്ന ഇടക്കാല ഉത്തരവ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ട്. അത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും നിക്ഷേപകര്‍. പ്രതികള്‍ മൊബെെല്‍ ഉപയോഗിക്കുന്നതിന് തങ്ങളുടെ കൈയില്‍ തെളിവുണ്ടെന്നും അവര്‍ പറയുന്നു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടൺസ് ലോ അഭിഭാഷക സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
കേസിലെ പ്രധാന തെളിവുകള്‍ സൂക്ഷിച്ചിരുന്ന കോന്നി സിഐ രാജേഷിനെ സ്ഥലം മാറ്റിയതിലും പരാതിയുണ്ട്. കോന്നി സിഐയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. കോന്നിയിലാണ് പോപ്പുലര്‍ ഫിനാന്‍സിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിരുന്നു. പ്രതികളുടെയും ബിനാമികളുടെയും സ്വത്ത് കണ്ടുകെട്ടും. സ്വത്ത് ലേലം ചെയ്‌തോ, വില്‍പ്പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും.
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയുടേതാണ് ഉത്തരവ്. പ്രതികള്‍ വില്‍പന നടത്തിയ സ്വത്തുക്കളും കണ്ടുകെട്ടും. സംസ്ഥാനത്തിന് പുറത്തുള്ള സ്വത്തുക്കള്‍ കണ്ടെത്താനും സംസ്ഥാന ഓഫീസര്‍ക്ക് അധികാരമുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ടുള്ള കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.