കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (Serious Fraud Investigation Office) അന്വേഷണം ആവശ്യപ്പെട്ട് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ഫയൽ ചെയ്ത റിട്ട് പെറ്റീഷൻ ഹൈക്കോടതി പരിഗണിച്ചു. ഇതുവരെയുള്ള അന്വേഷണ പുരോഗതി മുദ്രവെച്ച കവറില്‍ എസ്.എഫ്.ഐ.ഒ ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കൂടാതെ അവർ നടത്തിവരുന്ന അന്വേഷണം ഹൈക്കോടതി മോണിറ്റർ ചെയ്യണമെന്നും ഹര്‍ജിയിലൂടെ പി.ജി.ഐ.എ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ പുരോഗതി കോടതിയെ അറിയിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടും കഴിഞ്ഞ പല അവധികളിലും അന്വേഷണ ഏജന്‍സി അതിനു തയ്യാറായിരുന്നില്ല. ഇക്കാര്യം നിക്ഷേപകര്‍ക്ക് വേണ്ടി ഹാജരായ അഡ്വ.മനോജ്.വി.ജോര്‍ജ്ജ്, അഡ്വ.രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതനുസരിച്ച് ഇതുവരെയുള്ള അന്വേഷണ പുരോഗതി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ അവധിക്ക് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് എസ്.എഫ്.ഐ.ഒ കോടതിയില്‍ സമര്‍പ്പിച്ചത്.
അന്വേഷണത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എസ്.എഫ്.ഐ.ഒ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. അന്വേഷണത്തിന്റെ ആദ്യനാളുകളില്‍ കേരള പോലീസ് കണ്ടുകെട്ടിയതും സി.ബി.ഐക്ക് കൈമാറിയതുമായ പല രേഖകളും എസ്.എഫ്.ഐ.ഒ ക്ക് ലഭിച്ചിട്ടില്ലെന്നും ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഈ രേഖകള്‍ കൈമാറാന്‍ സി.ബി.ഐക്ക് കോടതി ഉത്തരവ് നല്‍കണമെന്നും എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച കോടതി സി.ബി.ഐയുടെ കൈവശമുള്ള പോപ്പുലർ ഗ്രൂപ്പ് കമ്പനികളുടെയും എല്‍.എല്‍.പി (LLP) കളുടെയും എല്ലാ രേഖകളും എസ്.എഫ്.ഐ.ഒ ക്ക് കൈമാറണമെന്ന് ഉത്തരവിട്ടു.
കൂടാതെ എസ്.എഫ്.ഐ.ഒയുടെ അന്വേഷണ ഉദ്യോഗസ്ഥന്റെ പേരും വിലാസവും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പി.ജി.ഐ.എയുടെ അഭിഭാഷകര്‍ക്ക് ഉടന്‍ കൈമാറണമെന്നും കേരളാ ഹൈക്കോടതി ഉത്തരവിട്ടു. നിക്ഷേപകര്‍ക്ക് പരാതി നല്‍കുവാന്‍ ഈ മെയില്‍ വിലാസം നല്‍കാമെന്ന് എസ്.എഫ്.ഐ.ഒ ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (ASGI) ഹൈക്കോടതിയെ അറിയിച്ചു.
മധ്യവേനൽ അവധിക്കുശേഷം മെയ് 20 ന് കേസ് വീണ്ടും പരിഗണിക്കും. നിക്ഷേപകരുടെ സംഘടനയായ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനു(പി.ജി.ഐ.എ) വേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്.വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ കോടതിയില്‍ ഹാജരായി.