തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം. ലേലം ചെയ്തോ വില്പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. ഇതിനായി ഫിനാന്‍സ് എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ് കൗളിന്റെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
2000 കോടിയുടെ തട്ടിപ്പുനടത്തിയ കേസിലെ പ്രതികള്‍ക്ക് രാജ്യത്ത് 125 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്.
രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്രപ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശൂരിലും ആഡംബര ഫ്ലാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം ഉണ്ടെന്നും കണ്ടെത്തിയിരുന്നു.