പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ് കേസ് ആലപ്പുഴയിലെ പ്രത്യേക കോടതി പരിഗണിക്കും. പ്രൊട്ടക്ഷന്‍ ഓഫ് ദ ഇന്ററസ്റ്റ് ഓഫ് ദി ഇന്‍വെസ്റ്റര്‍ ആക്‌ട് 2013 പ്രകാരം സ്ഥാപിതമായ കോടതിക്ക് പത്തനംതിട്ട ജില്ലയിലും അധികാര പരിധിയുണ്ട്. നിക്ഷേപത്തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടമാകുന്നവരുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥമാണ് 2013 ല്‍ ഈ നിയമം നിലവില്‍ വന്നത്.
ഫിനാന്‍സ് കമ്പനി ഉടമയുടെ വസ്തുവകകളും ആസ്തിയുമെല്ലാം വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം. ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപിക്കുന്നവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി 2013 ല്‍ സംസ്ഥാന സര്‍ക്കാരാണ് നിയമം കൊണ്ടു വന്നത്. ആ വകുപ്പു കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ആലപ്പുഴയിലെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. തുടര്‍ നടപടികള്‍ എല്ലാം ഇനി ഈ കോടതിയുടെ കീഴില്‍ വരും.
ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയുമെല്ലാം ഈ കോടതിയാകും പരിഗണിക്കുക. നിക്ഷേപകരുടെ താല്‍പര്യം നോക്കിയില്ലെങ്കില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് കണ്ടാണ് സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് കേസില്‍ ഈ വകുപ്പ് കൂടി ചേര്‍ത്തത്. നിലവില്‍ എണ്‍പതോളം കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയ്ക്ക് ഓരോന്നിനും പ്രത്യേകം എഫ്‌ഐആറും ഇട്ടിട്ടുണ്ട്. ആദ്യം ഒറ്റ് എഫ്‌ഐആര്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അങ്ങനെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേകമാക്കി പുതിയ എഫ്‌ഐആര്‍ ഇടും.
അതിനിടെ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്ന് നീക്കം ഉണ്ടായതായി ആരോപണം ഉയരുന്നു. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നീക്കം നടന്നതിന്റെ ഭാഗമായിരുന്നു എല്ലാ കേസിനും കൂടി ഒറ്റ എഫ്‌ഐആര്‍ എന്ന ഡിജിപിയുടെ ഉത്തരവ്. ഒറ്റക്കേസില്‍ ജാമ്യം ലഭിച്ചാല്‍ പിന്നീട് പ്രതികള്‍ക്ക് പുറത്തിറങ്ങി പാപ്പര്‍ ഹര്‍ജിയും ഫയല്‍ ചെയ്ത് രക്ഷപ്പെടാനുള്ള ശ്രമം ഹൈക്കോടതിയിുടെ ഇടപെടലിലൂടെ ഇല്ലാതായത്.