പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയതോടെ നിക്ഷേപകർ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതേവരെ ലഭിച്ചിട്ടുള്ളത് 3000 പരാതികളാണ്. 1600 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. പോലീസിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്കു കൈമാറിയിരുന്നു.
238 ശാഖകളാണ് പോപ്പുലർ ഫിനാൻസിന് സംസ്ഥാനത്തിനകത്തും പുറത്തുമായുണ്ടായിരുന്നത്. 20000 ലേറെ നിക്ഷേപകർ ഉണ്ടായിരുന്നു. വൻതുക നിക്ഷേപിച്ചവരിൽ പലരും ഇപ്പോഴും പരാതിക്കാരായി എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തട്ടിപ്പിനെ സംബന്ധിച്ചു ലഭിച്ച പരാതികളിൽ അന്വേഷണത്തിനു രൂപീകരിച്ച പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ് തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപി മുഖേനയാണ് ഹൈക്കോടതിയിൽ നൽകിയിട്ടുള്ളത്.
പ്രതികൾ പണം വിദേശരാജ്യങ്ങളിലെ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുക്കൾ ഓസ്ട്രേലിയയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എഴുവർഷംകൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി നൽകാമെന്ന് പറഞ്ഞാണ് പണം സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ആദായനികുതി നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾ ചെയ്തിട്ടുള്ളത്. പത്തനംതിട്ട സബ് കോടതിയിൽ പ്രതികൾ എട്ട് പാപ്പർ ഹർജികൾ നൽകിയിട്ടുണ്ട്.
പോലീസിന്റെ വിശദമായ അന്വേഷണത്തിൽ സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലുമായി പോപ്പുലർ ഉടമകളുടെ പേരിലുണ്ടായിരുന്ന വസ്തുവകകളുടെ 22 ആധാരങ്ങൾ പിടിച്ചെടുത്തിരുന്നു. 123 കോടി രൂപയുടെ ആസ്തിയാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തമിഴ്നാട്ടിൽ 57 ഏക്കർ സ്ഥലവും ആന്ധ്രാപ്രദേശിൽ 12 ഏക്കർ സ്ഥലവും കണ്ടെടുത്തു. ആഡംബര വാഹനങ്ങൾ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ളതടക്കം 12 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.